print edition സ്‌മരണയിൽ നിറഞ്ഞ് കോടിയേരി

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന് നാടിന്റെ സ്‌മരണാഞ്ജലി. പാർടി ഓഫീസുകളിൽ പതാകയുയർത്തിയും അനുസ്‌മരണയോഗങ്ങൾ ചേർന്നും നാലാം ചരമവാർഷിക ദിനം ആചരിച്ചു.
വ്യാഴം രാവിലെ പയ്യാന്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്ക്കുശേഷംചേർന്ന അനുസ്‌മരണയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് സ്വാഗതം പറഞ്ഞു. പുഷ്‌പാർച്ചനയിൽ പാർടി നേതാക്കളും പ്രവർത്തകരും കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും പങ്കെടുത്തു.
തലശേരി ടൗണിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനവും പുതിയ ബസ്‌സ്‌റ്റാൻഡിൽ പൊതുസമ്മേളനവും ചേർന്നു. മുതിർന്ന നേതാവ് പ്രകാശ് കാരാട്ട് പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌തു. കാരായി രാജൻ എംഎൽഎ അധ്യക്ഷനായി. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ കെ കെ രാഗേഷും കാസർകോട് എ കെ ജി മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞന്പുവും പതാകയുയർത്തി.
തിരുവനന്തപുരം എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ സെക്രട്ടറി വി ജോയി എംഎൽഎയും തൃശൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനും പതാക ഉയർത്തി. സിപിഐ എം വിപുലീകൃത എറണാകുളം ജില്ലാകമ്മിറ്റി യോഗം നടക്കുന്ന തൃപ്പുണിത്തറ ആൽഫാപ്ലസ് ഓഡിറ്റോറിയത്തിനുമുന്നിൽ പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പതാക ഉയർത്തി. വിപൂലീകൃത തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ സ്‌മരണാഞ്ജലി അർപ്പിച്ചു.
തിരുവനന്തപുരം ദേശാഭിമാനിയിൽ ചീഫ് ന്യൂസ് എഡിറ്റർ ടി ചന്ദ്രമോഹനും കണ്ണൂർ ദേശാഭിമാനിയിൽ എ അശോകനും പതാകയുയർത്തി.









0 comments