നവീകരണത്തിന്റെ പേരിൽ പണം മുടക്കാൻ ടൗൺഹാൾ

മൂവാറ്റുപുഴ ടൗൺഹാൾ
മൂവാറ്റുപുഴ
നവീകരണത്തിന്റെ പേരിൽ മൂവാറ്റുപുഴ നഗരസഭയ്ക്ക് പണം മുടക്കി അഴിമതി നടത്താൻ ടൗൺഹാൾ. നവീകരണത്തിനായി കഴിഞ്ഞ യുഡിഎഫ് കൗൺസിൽ അനുവദിച്ച ഒരുകോടി രൂപയിൽ 50 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചു. നിർമാണപ്രവൃത്തിയുടെ പേരിൽ സീലിങ് സ്ഥാപിക്കലും പെയിന്റടിയും ബലക്ഷയമുള്ള ഭാഗങ്ങൾ തട്ടിയുടച്ചതും മാത്രമാണ് നടത്തിയത്. ബാക്കി 50 ലക്ഷം രൂപ എങ്ങനെ ചെലവഴിക്കണമെന്നും വീണ്ടും ഒരുകോടി രൂപ അനുവദിക്കാനുള്ള നീക്കത്തിൽ യുഡിഎഫിനുള്ളിലും എതിർപ്പ്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കച്ചേരിത്താഴം വലിയ പാലത്തിന് ചേർന്ന് പുതിയ പാലം നിർമിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് തീരുമാനിച്ചത്. നിർദിഷ്ട പാലത്തിന്റെ അപ്രോച്ച് റോഡ് കടന്നുപോകുന്നത് ടൗൺഹാൾ സ്ഥിതിചെയ്യുന്ന ഭാഗത്താണ്. 1992 ലാണ് ടൗൺഹാൾ നിർമിച്ചത്. പുതിയ പാലം നിർമിക്കുമ്പോൾ കാലപ്പഴക്കമുള്ള ടൗൺഹാൾ പൊളിച്ചുമാറ്റണമെന്നതിനാൽ ടൗൺഹാൾ നവീകരണത്തിന് വീണ്ടും പണം മുടക്കുന്നതിൽ യുഡിഎഫ് ഭരണസമിതി അംഗങ്ങളിലും എതിർപ്പുണ്ട്.
രണ്ടുവർഷത്തിലേറെയായി നവീകരണപ്രവർത്തനം പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞില്ല. വർഷങ്ങളായി അടഞ്ഞുകിടന്നതിനാൽ നഗരസഭയ്ക്ക് ടൗൺഹാളിൽനിന്നുള്ള ലക്ഷങ്ങളുടെ വരുമാനം കുറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് ടൗൺഹാൾ ഉപയോഗിക്കാനാകാതെ വൻതുക മുടക്കി മറ്റു ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ടൗൺഹാൾ നവീകരണത്തിന് വൻതുക മുടക്കുന്നതിനെതിരെ കൗൺസിൽ യോഗത്തിൽ മുസ്ലിംലീഗ് അംഗങ്ങൾ എതിർത്തെങ്കിലും ചെയർപേഴ്സൺ ഉൾപ്പെടെ കോൺഗ്രസ് അംഗങ്ങൾ അത് അവഗണിച്ചാണ് വീണ്ടും പണം മുടക്കാനുള്ള നീക്കം.









0 comments