കോടിയേരി സ്‌മരണയിൽ നാട്

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തുന്നു
കോട്ടയം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമദിനം നാടെങ്ങും ആചരിച്ചു. അദ്ദേഹത്തിന്റെ ധീരവും മാതൃകാപരവുമായ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ ഓർമകൾ പുതുക്കി അനുസ്‌മരണ പരിപാടികൾ നടന്നു. സിപിഐ എമ്മിന്റെ ഓഫീസുകളിൽ പതാക ഉയർത്തി അനുസ്‌മരണ സമ്മേളനങ്ങൾ ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും കോട്ടയം നഗരത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറും പതാക ഉയർത്തി. കോട്ടയം ദേശാഭിമാനിയിൽ ന്യൂസ് എഡിറ്റർ ലെനി ജോസഫ് പതാക ഉയർത്തി. സിപിഐ എമ്മിന്റെ മുതിർന്ന നേതാക്കളും ജില്ലാ ഭാരവാഹികളും അനുസ്‌മരണങ്ങളിൽ പങ്കെടുത്തു. സാധാരണക്കാരുടെ അവകാശപോരാട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച കോടിയേരി ബാലകൃഷ്‌ണന്റെ ധീരസ്‌മരണകളുമായി അനവധി വർഗബഹുജന സംഘടനകളും അനുസ്‌മരണ സമ്മേളനങ്ങൾ നടത്തി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വന്ന് പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനായി, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അസാമാന്യ മാതൃക തീർത്ത കോടിയേരി തെളിച്ച മാർഗദീപം പിന്തുടരണമെന്ന സന്ദേശം പകർന്നാണ് അനുസ്‌മരണങ്ങൾ സംഘടിപ്പിച്ചത്. വർഗീയതയെ ശക്തമായി എതിർത്ത് മതനിരപേക്ഷതയ്‌ക്ക് കാവലാളായി നിന്ന കോടിയേരിയുടെ നിലപാടുകളെ സ്‌മരിച്ച് വിവിധ മേഖലകളിലുള്ളവർ സംസാരിച്ചു.









0 comments