ആസിഡ് ടാങ്കർ അപകടത്തിൽപ്പെട്ടു; സീപോർട്ട് റോഡ് കുരുക്കിലായി

സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിൽ അപകടത്തിൽപ്പെട്ട ആസിഡ് കയറ്റിവന്ന ടാങ്കർ ലോറി
കാക്കനാട്
ആസിഡ് കയറ്റിവന്ന ടാങ്കർ ലോറി സീപോർട്ട്–എയർപോർട്ട് റോഡിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം പുലർച്ചെ മൂന്നോടെ കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം.
ചെന്നൈയിൽനിന്ന് ഇരുമ്പനത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നിലിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം തകർന്നതോടെ ജങ്ഷന്റെ മധ്യത്തിൽ ലോറി നിന്നു. അപകടസമയം വലിയ കുരുക്കുണ്ടായില്ലെങ്കിലും രാവിലെ തിരക്കേറിയതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. രാവിലെ എട്ടോടെ ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും 300 മീറ്റർ അകലെ ടിവി സെന്റർ ജങ്ഷനുസമീപം വീണ്ടും തകരാറിലായി.
തുടർന്ന് വള്ളത്തോൾ ജങ്ഷൻവരെയും ചിത്രപ്പുഴ പാലംവരെയും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി. കെഎംആർഎല്ലിന്റെ കൂറ്റൻ വാഹനം എത്തിച്ച് വടംകെട്ടി ടാങ്കർ വലിച്ചുനീക്കാൻ ശ്രമിച്ചെങ്കിലും പ്രത്യേക സാമ്പത്തിക മേഖലാ (സെസ്) ഓഫീസിന് മുന്നിലെത്തിയപ്പോൾ വടംപൊട്ടി ടാങ്കർ ലോറി റോഡരികിൽ മണിക്കൂറുകളോളം കിടന്നു. ഇതോടെ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
സീപോർട്ട്–എയർപോർട്ട് റോഡിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ്ങും മോട്ടോർ വാഹനവകുപ്പ് പരിശോധനയും കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. അപകടകരമായ രാസവസ്തുക്കളും പെട്രോളിയം ഉൽപ്പന്നങ്ങളും കയറ്റിയ ഇതരസംസ്ഥാന ടാങ്കർ ലോറികൾ രാത്രിയിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
റോഡരികുകളിൽ ടാങ്കർ ലോറികൾ അലക്ഷ്യമായി നിർത്തിയിടുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. അപകടസാധ്യതയേറിയ വാഹനങ്ങളുടെ രാത്രികാല സഞ്ചാരവും പാർക്കിങ്ങും നിയന്ത്രിക്കുന്നതിന് പൊലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുടെ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments