താമരപ്പാടത്ത് കണ്ണീർപ്പൂക്കൾ

തിരുന്നാവായ കൊടക്കൽ താമരപ്പാടത്ത് വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കൾ
തിരൂർ
കണ്ണിനും മനസ്സിനും കുളിരേകുന്നതാണ് തിരുന്നാവായയിലെ താമരപ്പാടങ്ങൾ. എന്നാൽ താമര കർഷകർക്കിത് കണ്ണീർകാലമാണ്. ദേശീയ പുഷ്പമായ താമര ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത് തിരുന്നാവായയിലാണ്. രണ്ടായിരത്തോളം ഏക്കറിലായി ലക്ഷക്കണക്കിന് താമരകളാണ് സീസണല്ലാത്തത് കാരണം വിളവെടുക്കാനാകാതെ നശിക്കുന്നത്. വലിയപറപ്പൂർ കായൽ, കൊടക്കൽ, തിരുത്തി, ചാലിയാർപാടം, തിരുന്നാവായ, അജിതപ്പടി, പല്ലാർ തുടങ്ങിയ ഭാഗങ്ങളിലായാണ് താമരകൃഷി വ്യാപിച്ചുകിടക്കുന്നത്. ചെന്താമരയാണ് (ചുകപ്പ് ചൊങ്കൻ) കൂടുതലും കൃഷിചെയ്യുന്നത്. താമരയുടെ മൊട്ടിനാണ് ആവശ്യക്കാർ കൂടുതലുള്ളത്. ഒന്നിന് എട്ട് രൂപയോളം വിലയുണ്ട്. കർണാടകത്തിലേക്കാണ് ഏറ്റവും കൂടുതൽ താമര കയറ്റിയയച്ചിരുന്നത്. ഇത്തവണ ഗണേശോത്സവം സമയം മാറിവന്നത് താമരയുടെ ഡിമാന്റ് കുറയാൻ കാരണമായി. കേരളത്തിൽ ഓണക്കാലം കഴിഞ്ഞ് ക്ഷേത്രങ്ങളിൽ തിരക്ക് കുറഞ്ഞതും തിരിച്ചടിയായതായി കർഷകനായ ജനാർദനൻ മമ്മിളിയത്ത് പറഞ്ഞു. വരാനിരിക്കുന്ന പൂജ ദിവസങ്ങളിൽ താമരയ്ക്ക് ആവശ്യക്കാർ കൂടാൻ സാധ്യതയുണ്ട്. അപ്പോഴേക്കും ഇത്രയധികം താമര വിളവ് ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ലക്ഷത്തോളം താമരകളാണ് സീസണിൽ ഉപയോഗമില്ലാതെ നശിക്കുന്നത്. നഷ്ടം നികത്താൻ കർഷകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും താമരകൊണ്ട് വിവിധ ഉൽപ്പന്നങ്ങളുണ്ടാക്കാൻ ആവശ്യമായ രീതിയിൽ അധികൃതർ ഇടപെടണമെന്നും പരിസ്ഥിതി പ്രവർത്തകൻ സൽമാൻ കരിമ്പനക്കൽ പറഞ്ഞു. തൊഴിലാളി ക്ഷാമം, താമരക്കായലിലെ ആഫ്രിക്കൻ പായൽ, കീടങ്ങൾ, പെട്ടെന്നുള്ള വില കുറയൽ, പ്രളയം, സർക്കാരിൽനിന്നുള്ള സാഹായ ലഭ്യതക്കുറവ് എന്നിവ ഈ മേഖല നേരിടുന്ന പ്രതിസന്ധികളാണ്.









0 comments