Deshabhimani

നിഷ്പക്ഷതയിൽ സംശയം

print edition ജസ്റ്റിസ്‌ ശർമയുടെ വിധി തിരിച്ചുവിളിക്കണമെന്ന്‌ ഹർജി

supreme Court
വെബ് ഡെസ്ക്

Published on Oct 02, 2026, 12:27 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിന്‌ അനുകൂലമായി സുപ്രീംകോടതി ജഡ്‌ജി സതീഷ്‌ചന്ദ്ര ശർമ പുറപ്പെടുവിച്ച സെപ്‌തംബർ 23ലെ വിധി സംശയാസ്‌പദമാണെന്നും തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട്‌ ഹർജി. ജസ്റ്റിസ്‌ ശർമയുടെ മകൻ സിദ്ധാർഥ്‌ ശർമ മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകനാണെന്നും അത്‌ ജഡ്‌ജി മറച്ചുവച്ചുവെന്നും കാണിച്ചാണ്‌ ജയ ഠാക്കൂർ ഹർജി നൽകിയത്‌.


അഞ്ചുദിവസം നീണ്ട വാദത്തിൽ ഇക്കാര്യം ജസ്റ്റിസ്‌ ശർമ വെളിപ്പെടുത്തിയില്ല. അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ കേസ്‌ കേൾക്കുന്നതിൽ നിന്ന വിട്ടുനിൽക്കാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെടുമായിരുന്നുവെന്നും ജയ ഠാക്കൂർ പറഞ്ഞു. കമീഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന്‌ ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവരടങ്ങുന്നതാക്കിയ നിയമദേഭഗതി ചോദ്യം ചെയ്യുന്ന ലീഡ്‌ ഹർജി ജയ ഠാക്കൂറിന്റേതായിരുന്നു.


​തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമന സമിതി കേസിൽ ജസ്റ്റിസ്‌ ദീപാങ്കർ ദത്തയും ശർമയും അടങ്ങുന്ന ബെഞ്ച്‌ ഭിന്നവിധിയാണ്‌ പുറപ്പെടുവിച്ചത്‌. നിയമം റദ്ദാക്കണമെന്ന്‌ ജസ്റ്റിസ്‌ ദത്ത പറഞ്ഞപ്പോൾ സമിതി കേന്ദ്രസർക്കാരിന്‌ മുൻതൂക്കം നൽകുന്നില്ലെന്നായിരുന്നു ശർമയുടെ വിധി. തുടർന്ന്‌ ഹർജികൾ വിശാല ബെഞ്ചിന്‌ വിട്ടു. കേന്ദ്രസർക്കാരിന്റെ വാദം അംഗീകരിച്ച ശർമയുടെ വിധിക്ക്‌ പിന്നാലെയാണ്‌ മകൻ സിദ്ധാർഥ്‌ കമീഷന്റെ അഭിഭാഷകനാണെന്ന വിവരം പുറത്തായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home