print edition യുസിസി വഴി ലക്ഷ്യമിടുന്നത് ധ്രുവീകരണം

സമീപകാലത്തുണ്ടായ രാഷ്‌ട്രീയ തിരിച്ചടികളിൽനിന്ന് പാഠം പഠിക്കാതെ വർഗീയധ്രുവീകരണ പാതയിൽത്തന്നെ തീവ്രമായി മുന്നോട്ടുനീങ്ങാനാണ് ആർഎസ്‌എസ് നേതൃത്വത്തിലുള്ള സംഘപരിവാർ തീരുമാനം. 2029ൽ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്പായി എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവന രാജ്യത്ത് ഇൗ ലക്ഷ്യത്തോടെയാണ്. അയോധ്യ രാമക്ഷേത്രം, കശ്‌മീരിന്റെ 370–ാം അനുച്ഛേദം റദ്ദാക്കൽ എന്നീ വിഷയങ്ങൾക്കൊപ്പംതന്നെ സംഘപരിവാർ കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ അജൻഡയുടെ ഭാഗമാണ് യുസിസി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുഘട്ടത്തിൽ ബിജെപി പ്രകടനപത്രികയിൽ യുസിസി നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. നാനൂറിലേറെ സീറ്റുകൾ നേടി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ഇതടക്കം ബിജെപി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്.
കേവല ഭൂരിപക്ഷത്തിൽപ്പോലും എത്താനാകാതെ തെരഞ്ഞെടുപ്പിൽ കിതച്ചുവീണതോടെ യുസിസി നടപ്പാക്കൽപ്രഖ്യാപനം ബിജെപിക്ക് തൽക്കാലത്തേക്ക് വിഴുങ്ങേണ്ടിവന്നു. പാർലമെന്റിലെ നിയമനിർമാണത്തിലൂടെ ദേശീയതലത്തിൽ യുസിസി അടിച്ചേൽപ്പിക്കുന്നതിന് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ ഇതിനായി പ്രോത്സാഹിപ്പിച്ചുതുടങ്ങി. 2025 ജനുവരിയിൽ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ യുസിസി ആദ്യമായി നടപ്പാക്കി.
ബിജെപി ഭരണത്തിലുള്ള ഗുജറാത്ത്, അസം, മധ്യപ്രദേശ് നിയമസഭകൾ ഇതിനോടകം നിയമം പാസാക്കി. മഹാരാഷ്ട്ര, ബംഗാൾ, ഛത്തിസ്‌ഗഢ്, രാജസ്ഥാൻ എന്നീ ബിജെപി ഭരണ സംസ്ഥാനങ്ങൾ നിലവിൽ ബിൽ തയ്യാറാക്കുന്ന പ്രക്രിയയി ലാണ്. അമിത് ഷായുടെ പ്രഖ്യാപനത്തോടെ ഇൗ സംസ്ഥാനങ്ങളെല്ലാം യുസിസിയിലേക്കുള്ള വേഗംകൂട്ടുമെന്ന് തീർച്ചയാണ്. എങ്കിലും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യങ്ങളോട് ചേർന്നുനിൽക്കുന്നതല്ല. നാഗാലാൻഡ്, മേഘാലയ, സിക്കിം എന്നീ എൻഡിഎ ഭരണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് യുസിസിയോട് യോജിപ്പില്ല. ബിജെപി ഭരിക്കുന്ന മണിപ്പുർ, അരുണാചൽ സംസ്ഥാനങ്ങളിലും എതിർപ്പ് ശക്തമാണ്. അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിൽ യുസിസിക്കായുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. ബിഹാറിൽ ഘടകകക്ഷിയായ ജെഡിയുവും തെലങ്കാനയിലെ ഭരണകക്ഷിയായ ടിഡിപിയും യുസിസിക്ക് അനുകൂലമല്ല. ഇൗ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന നിലപാടിലാണ് ഇരു പാർടികളും. ഇൗ വിഷയത്തിൽ വൈകാതെ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ജെഡിയു പ്രഖ്യാപിച്ചുകഴിഞ്ഞു. ജെഡിഎസ്, എൽജെപി തുടങ്ങിയ എൻഡിഎ ഘടകകക്ഷികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഘടകകക്ഷികളെ മറികടന്ന് എല്ലാ എൻഡിഎ ഭരണ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കാമെന്നത് എളുപ്പമല്ല. യുസിസി നടപ്പാക്കൽ നിലവിൽ എത്രമാത്രം പ്രായോഗികമാണെന്നത് ചർച്ച ചെയ്യപ്പെടണം. ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കിയിട്ടുണ്ടെങ്കിലും പട്ടികവർഗക്കാരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഗുജറാത്ത്, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഇപ്രകാരം ചെയ്‌തിട്ടുണ്ട്. ആദിവാസി ജനവിഭാഗങ്ങളുടെ തനതായ ജീവിതരീതികൾ മുൻനിർത്തിയാണ് ഇൗ ഒഴിവാക്കൽ. രാജ്യത്തെ ജനസംഖ്യയുടെ ഒമ്പതുശതമാനംവരുന്ന ആദിവാസിവിഭാഗങ്ങളെ യുസിസിയുടെ ഭാഗമാക്കാൻ നിലവിൽ സാധിക്കില്ലെന്ന വസ്‌തുത സംഘപരിവാറും സമ്മതിക്കുകയാണ്. മുസ്ലിങ്ങളും ക്രൈസ്‌തവരും അടക്കമുള്ള ന്യൂനപക്ഷങ്ങളെയാണ് യുസിസിയിലൂടെ സംഘപരിവാർ ലക്ഷ്യംവയ്ക്കുന്നത്. യുസിസി വിഷയം സജീവമാക്കിനിർത്തി അതിലൂടെ ഭൂരിപക്ഷവോട്ടുകൾ പരമാവധി സമാഹരിച്ച് തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനാണ് ശ്രമം. ഭരണഘടനാ നിർമാണസഭ വിശദമായ ചർച്ചയ്ക്കുശേഷമാണ് യുസിസി എന്ന ലക്ഷ്യത്തെ മാർഗനിർദേശക തത്വങ്ങളുടെ ഭാഗമാക്കിയത്. അത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. മതഭേദമന്യേ ജനങ്ങളാകെ അത്തരമൊരു മാറ്റത്തിനായി പാകപ്പെടുമ്പോഴും നവീകരിക്കപ്പെടുമ്പോഴുമാണ് ഏക സിവിൽ കോഡ് എന്ന ആശയത്തിലേക്ക് നീങ്ങേണ്ടത്. സിജെപിയും ഇടതുപക്ഷ വിദ്യാർഥിസംഘടനകളും നയിച്ച ജന്തർമന്തർ പ്രക്ഷോഭത്തിൽ കൈപൊള്ളി നിൽക്കുകയാണ് മോദിസർക്കാർ. ജന്തർമന്തറിലെ വിദ്യാർഥിവേട്ടയിൽ പ്രതിക്കൂട്ടിൽ അമിത് ഷാതന്നെയാണ്. സർക്കാരിനെതിരായ ശക്തമായ ജനവികാരം ആർഎസ്‌എസ് അടക്കം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇൗ ഘട്ടത്തിൽ മുന്നോട്ടുള്ള പാത വർഗീയതയുടേതുമാത്രമെന്ന കാഴ്‌ചപ്പാടിലാണ് സംഘപരിവാർ. യുസിസി പ്രസ്‌താവനയിലൂടെ അതിന് ആക്കംകൂട്ടുകയാണ് അമിത് ഷാ.










0 comments