print edition തലസ്ഥാനത്തും യുഡിഎഫ്–ബിജെപി ഡീൽ മറനീക്കി

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന യുഡിഎഫ്–ബിജെപി ഡീലിന്റെ പുതിയ ഘട്ടമാണ് തിരുവനന്തപുരം കോർപറേഷനിൽ പ്രകടമായത്. കഷ്ടിച്ച് ഭൂരിപക്ഷം ഒപ്പിച്ച് അധികാരത്തിൽ വന്ന ബിജെപിക്ക് ഭരണം നിലനിർത്താൻ യുഡിഎഫ് സർക്കാർ സർവ ഒത്താശയും ചെയ്‌തുകൊടുത്തിരിക്കുന്നു. മുപ്പതിൽപ്പരം വാർഡുകളിൽ യുഡിഎഫ് സഹായം ലഭിച്ചതുകൊണ്ടാണ് കോർപറേഷനിൽ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ കഴിഞ്ഞത്. തുടർന്ന് സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച ബിജെപിക്ക് അധികാരം നിലനിർത്താൻ കാപ്പ കേസ് പ്രതിയെ ഉൾപ്പെടെ സംരക്ഷിച്ചും പാടുപെടുകയാണ് യുഡിഎഫ്. കാപ്പ കേസിൽ പെട്ട് ജയിലറയിൽ കിടക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതന് നിയമപരമായോ ധാർമികമായോ തുടരാൻ അവകാശമില്ല. എന്നാൽ, ഒറ്റയംഗത്തിന്റെ ഭൂരിപക്ഷത്തിൽ വന്ന ബിജെപിക്ക് സർവവിധ പിന്തുണയുമൊരുക്കുന്നത് കോൺഗ്രസും മുസ്ലിംലീഗും നേതൃത്വം നൽകുന്ന സർക്കാരാണ്. ബിജെപിയെ സഹായിക്കാൻ ഇത്രയും നഗ്‌നമായ അധികാരദുർവിനിയോഗം യുഡിഎഫ് സർക്കാർ നടത്തിയത് ജനാധിപത്യ, മതനിരപേക്ഷ ചിന്താഗതിക്കാരെ അമ്പരപ്പിച്ചു. വലതുപക്ഷ മാധ്യമങ്ങളാകട്ടെ ഇതു മനസ്സിലായിട്ടില്ലെന്ന വിധത്തിൽ വാർത്തകൾ മെനയുകയാണ്.
രാഷ്‌ട്രീയപ്രവർത്തകർക്കും നേതാക്കൾക്കും അതിന്റെ ഭാഗമായിവരുന്ന കേസുകൾ സ്വാഭാവികമാണ്. എന്നാൽ, സുഗതന്റെ കേസുകൾക്ക് അതുമായി താരതമ്യമേയില്ല. വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായി 19കേസുകൾ. ആറ് വധശ്രമം, ഭീഷണി, പൊലീസിനെ ആക്രമിക്കൽ, വീടുകയറി വാഹനം അടിച്ചുതകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ആയുധംകൊണ്ടുള്ള ആക്രമണം തുടങ്ങി കേസുകൾ അനവധി. 2025ൽ കർശന ഉപാധികളോടെ ലഭിച്ച ജാമ്യവേളയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനപ്രതിനിധിയായശേഷവും ഇക്കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘർഷം സൃഷ്ടിച്ച് സിപിഐ എം പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ വീണ്ടും വധശ്രമക്കേസിൽ സുഗതൻ പ്രതിയായി. ആർഎസ്‌എസ് കേന്ദ്രങ്ങൾ ഒളിപ്പിച്ച സുഗതന് തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനായില്ല. അതിസാഹസികമായാണ് പിന്നീട് പൊലീസ് പിടികൂടിയതും വീണ്ടും കാപ്പ കേസിൽ അകത്തായതും. എന്നിട്ടും യുഡിഎഫ് സർക്കാരിന് സുഗതൻ നിരപരാധിയും കൗൺസിലറായി തുടരേണ്ടയാളുമായതെങ്ങനെ?
മൂന്നു കൗൺസിൽ യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ ഭരണം പ്രതിസന്ധിയിലാകുമെന്ന നിർണായകഘട്ടത്തിൽ സർക്കാർസഹായം വന്ന വഴി നോക്കൂ: ജയിൽ സൂപ്രണ്ട് മുഖേന സുഗതന്റെ അവധിയപേക്ഷ ജൂൺ 22ന് ലഭിക്കുന്നു. ജൂലൈ 13ന് ആഭ്യന്തരവകുപ്പ് (രഹസ്യവിഭാഗം–എ) സുഗതന് അനുകൂലമായി തീരുമാനമെടുക്കുന്നു. ജൂലൈ 20ന് സർക്കുലർ പുറത്തിറക്കുന്നു. അത് കൈയിൽ കിട്ടിയശേഷം മേയർ വി വി രാജേഷ് കൗൺസിൽ വിളിക്കുന്നു. തദ്ദേശവകുപ്പ് ഇടപെട്ട് ലീഗുകാരനായ ഉദ്യോഗസ്ഥനെ തിടുക്കത്തിൽ കോർപറേഷൻ സെക്രട്ടറിയാക്കുന്നു. അവധി നൽകിയ കൗൺസിൽയോഗത്തിന് നേതൃത്വം നൽകുന്നു.
ഏതെങ്കിലും നിയമപ്രശ്നത്തിൽ ബിജെപി കൗൺസിൽ പെട്ടുപോകാതിരിക്കാൻ, സർക്കുലറിൽ പറയുന്നു: ‘‘താങ്കളുടെ കൗൺസിലർസ്ഥാനത്തിന് അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ താങ്കൾക്ക് അനുവാദമുണ്ടായിരിക്കുന്നതാണ്. മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ ഈ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കിൽ താങ്കളുടെ കൗൺസിലർസ്ഥാനം അയോഗ്യതയിൽനിന്ന് സുരക്ഷിതമായിരിക്കും.’’ അപേക്ഷിക്കാൻ അനുവാദം നൽകുന്നു എന്ന ഒറ്റവാചകത്തിനുപകരമാണ് ഇതെന്നോർക്കണം. ജനാധിപത്യമര്യാദകളെ ചവിട്ടിമെതിച്ച ഇൗ നടപടിക്രമങ്ങളിലെല്ലാം നിയമലംഘനങ്ങളുണ്ടെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.
വിമതനായാണ് മത്സരിച്ച് ജയിച്ചതെങ്കിലും ഇപ്പോഴും കോൺഗ്രസ് ബന്ധമുള്ള കൗൺസിലർ എസ് സുധീഷാണ്, ബിജെപിക്ക് വോട്ട് ചെയ്ത് അവധി പാസാക്കിയതെന്നതും യാദൃച്ഛികമല്ല. ആ കൂറിന്റെ വേര് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വാങ്ങിയ ബിജെപി വോട്ടിന്റെ പ്രത്യുപകാരമല്ലാതെ മറ്റൊന്നുമല്ല.
സ്വസ്ഥവും സമാധാനപരവുമായി ജീവിക്കാൻപറ്റിയ രാജ്യത്തെത്തന്നെ മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരത്തെ മാറ്റിയത് എൽഡിഎഫ് ഭരണത്തിൽ നടത്തിയ ശ്രമംമൂലമാണെന്നത് ഇന്ന് ആർക്കും നിഷേധിക്കാൻ കഴിയില്ല. നഗരം വീണ്ടും മാലിന്യക്കുപ്പയായും സംഘർഷഭൂമിയായും മാറിക്കൊണ്ടിരിക്കുന്നു; ബിജെപി വാഗ്ദാനം നൽകിയ ‘മാതൃകാനഗരം’ ചീഞ്ഞുനാറുകയാണ്. അധികാരാർത്തിമൂത്ത് എല്ലാ മര്യാദകളെയും ലംഘിക്കുമ്പോൾ, ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങൾ പ്രതികരിക്കുമെന്ന് വിസ്‌മരിക്കരുത്.










0 comments