ad
Deshabhimani

തദ്ദേശവികസനം 
മുടക്കുന്ന യുഡിഎഫ്‌ ഭരണം

Deshabhimani Editorial
വെബ് ഡെസ്ക്

Published on Jul 08, 2026, 12:00 AM | 2 min read

​കേരളത്തിന്റെ വികസനചരിത്രത്തിൽ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും ഏറ്റവും വലിയ ജനാധിപത്യ നവീകരണങ്ങളാണ്. അധികാരം സെക്രട്ടറിയറ്റിൽ കേന്ദ്രീകരിക്കാതെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിച്ച്‌ രാജ്യത്തിനാകെ മാതൃകയായി മാറിയത് എൽഡിഎഫ് സർക്കാരുകളുടെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാണ്‌. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും ഉദ്യോഗസ്ഥസംവിധാനവും നൽകി ജനകീയപങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയത് കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് ശക്തമായ അടിത്തറയിട്ടു. എന്നാൽ, യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോഴൊക്കെയും അധികാരവികേന്ദ്രീകരണത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. അതാണ് 1990 മുതൽ ഇന്നുവരെയുള്ള അനുഭവം. കഴിഞ്ഞ പത്തുവർഷം തദ്ദേശഭരണ സ്ഥാപനങ്ങളുടെ സുവർണഘട്ടമായിരുന്നെങ്കിൽ, യുഡിഎഫ് ഭരണത്തിന്റെ ആദ്യമാസങ്ങൾതന്നെ ആ നേട്ടങ്ങളെ പിന്നോട്ടടിക്കുന്ന നടപടികളുടെ പരമ്പരയായി മാറുകയാണ്.


അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ്. എൽഡിഎഫ് സർക്കാർ ബജറ്റിൽ 2026–27 സാമ്പത്തികവർഷത്തേക്ക് 10,189 കോടി രൂപ വകയിരുത്തിയപ്പോൾ, യുഡിഎഫ് സർക്കാർ അത് 8655.45 കോടിയായി ചുരുക്കി. 1533.55 കോടി രൂപയുടെ ഈ കുറവ് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസനത്തെ നേരിട്ട് ബാധിക്കും‌. പൊതുവിഭാഗത്തിനുള്ള ഫണ്ടിൽ 1261 കോടി കുറച്ച യുഡിഎഫ്‌ സർക്കാർ പട്ടികജാതി–വർഗ വിഭാഗങ്ങളുടെ ഫണ്ടും ഗണ്യമായി കുറച്ചു. ഫണ്ട് വെട്ടിക്കുറച്ചതിൽ ഒതുങ്ങുന്നില്ല പ്രശ്നം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം കഴിഞ്ഞ സാമ്പത്തികവർഷം നൽകാൻ കഴിയാതിരുന്ന മൂന്നാംഗഡു സ്പിൽ ഓവറായി നൽകേണ്ട തുകയും ഇതുവരെ അനുവദിച്ചിട്ടില്ല. പുതിയ സാമ്പത്തികവർഷത്തിലെ പദ്ധതിവിഹിതത്തിന്റെ ആദ്യഗഡുവായ 3000 കോടി രൂപയും അനുവദിച്ചിട്ടില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ വികസനപദ്ധതികൾ നടപ്പാക്കാനാകാത്ത സ്ഥിതിയാണ്‌.


വിവിധ ഘട്ടങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ഒരുലക്ഷത്തിലധികം ലൈഫ്‌ വീടുകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പാർപ്പിടസുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയെപ്പോലും സാമ്പത്തികപ്രതിസന്ധിയിലാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. വികസനപദ്ധതികൾമാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ക്ഷേമപ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്‌. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കിടപ്പുരോഗികൾ, അതിദരിദ്രർ, അഗതികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സേവനങ്ങളും ക്ഷേമപദ്ധതികളും തദ്ദേശസ്ഥാപനങ്ങളിലൂടെയാണ് പ്രധാനമായും നടപ്പാക്കുന്നത്. ഫണ്ട് ലഭിക്കാത്തതോടെ ഇ‍ൗ പദ്ധതികളും നിലച്ചിരിക്കുകയാണ്‌.


ഇതിനൊപ്പം മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡുവായ 1348 കോടി രൂപ നിരോധിച്ചതും പ്രശ്‌നമാണ്‌. റോഡുകൾ, സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ, മൃഗാശുപത്രികൾ, കൃഷിഭവനുകൾ, മത്സ്യബന്ധന ഓഫീസുകൾ തുടങ്ങി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ആയിരക്കണക്കിന് പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി ഈ ഫണ്ടിനെ ആശ്രയിച്ചാണ്. മഴക്കാലത്തിനുമുമ്പ് റോഡുകളുടെയും സ്കൂളുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കാനും സാധിച്ചിട്ടില്ല. മഴക്കാലപൂർവ ശുചീകരണം ഫലപ്രദമായി നടപ്പാക്കാനായിട്ടില്ലെന്ന്‌ മന്ത്രിമാർതന്നെ കുറ്റസമ്മതം നടത്തി. ശുചീകരണം നടത്താത്തതിനാല്‍ പകർച്ചവ്യാധികൾ വ്യാപിക്കുന്നു.

ജനങ്ങളുടെ ദൈനംദിനജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്നങ്ങളെല്ലാം കാരണം യുഡിഎഫ്‌ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്‌. കേരള വികസനമാതൃകയുടെ കരുത്ത് അധികാരവികേന്ദ്രീകരണമാണ്. ആ സംവിധാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളെമാത്രമല്ല, കേരളത്തിന്റെ വികസനമാതൃകയെയാകെ ദുർബലപ്പെടുത്തുന്നതിനു തുല്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ വികസന–ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് വെട്ടിക്കുറയ്ക്കുകയും അനുവദിക്കേണ്ട തുകപോലും തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന സമീപനം ജനാധിപത്യ വികേന്ദ്രീകരണത്തോടുള്ള വെല്ലുവിളിയാണ്. തദ്ദേശസ്ഥാപനങ്ങളുടെ കൈകൾ കെട്ടിയിട്ട് യുഡിഎഫിന്റെ ‘പുതുയുഗകേരളം’ സൃഷ്ടിക്കാനാകില്ല. അധികാരക്കൈമാറ്റവും അതിനനുസരിച്ചുള്ള സാമ്പത്തികപിന്തുണയും ഉറപ്പാക്കുമ്പോഴേ വികസനം സാധ്യമാകുകയുള്ളൂ. അതിൽനിന്ന് പിന്നോട്ടുപോകുന്ന സർക്കാർനയം കേരളം നേടിയ വികസനത്തെയും ക്ഷേമപ്രവർത്തനങ്ങളെയും പിന്നോട്ടടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home