ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു: ഒരു മരണം

ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിനടുത്ത് കൂടി പോവുകയായിരുന്ന റാം (42) എന്ന മെക്കാനിക്കാണ് മരിച്ചത്. ബൈക്കിന്റെ സ്പെയർ പാർട്സ് വാങ്ങാൻ പോകുമ്പോഴായിരുന്നു അപകടം. എൻഡിആർഎഫ്, എംസിഡി, അഗ്നി രക്ഷാ സേന തുടങ്ങിയ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുന്നു.
കെട്ടിട ഉടമ ഉൾപ്പെടെ നാലോ അഞ്ചോ പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ബിജെപി എംഎൽഎ കുൽവന്ത് റാണ അറിയിച്ചു. ചിലരെ ഇതിനകം ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ തൂണിന് ബലക്ഷയം സംഭവിച്ചതാകാം തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4ഓടെയാണ് കെട്ടിടം തകർന്നത്. സെക്ടർ 16-ലെ എംസിഡി സ്കൂളിന് എതിർവശത്തുള്ള നാലുനില കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം പഴയതായിരുന്നുവെന്നും നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും പുറത്തെത്തിക്കുന്നതിനുമായി പ്രവർത്തനം തുടരുന്നു.









0 comments