ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊൽക്കത്ത: ഭാര്യയെ റോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ ഗീത ദാസിനെയാണ് ഭർത്താവ് സുഭാഷ് ദാസ് കുത്തിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ദമ്പതികൾ കുറച്ചു വർഷങ്ങളായി സോഡെപൂരിലെ വാടക വീട്ടിലായിരുന്നു താമസം. പ്രതി സുഭാഷ് ഗീതയെ നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. പീഡനത്തിൽ മനംനൊന്ത് ഗീത സുഭാഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിലുള്ള പകയാകാം ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സാഗർ ദത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗീത സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. ആശുപത്രിയിൽവച്ച് ഗീതയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. സുഭാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments