അടുപ്പ് ചതിച്ചു, മണംപിടിച്ചെത്തി പൊലീസ്; കഞ്ചാവുമായി യുവാവ് പിടിയിൽ

അഫ്സൽ
കൊടുങ്ങല്ലൂർ: കഞ്ചാവ് പുകയുടെ മണം പിടിച്ചെത്തിയ പൊലീസ് യുവാവിനെ കൈയോടെ പൊക്കി. തൃശൂർ എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കുറ്റിക്കാട്ടിൽ വീട്ടിൽ അഫ്സൽ പെപ്പ എന്നു വിളിക്കുന്ന അഫ്സൽ (27) ആണ് അറസ്റ്റിലായത്. അടുപ്പിൽനിന്ന് കത്താത്ത കഞ്ചാവ് പൊതികളും വീട്ടിൽ നിന്ന് കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്ത് പൊലീസിനെ കണ്ടപ്പോൾ പരിഭ്രാന്തനായി കൈയിലുണ്ടായിരുന്ന കഞ്ചാവ് പൊതികൾ അടുപ്പിലിട്ടതോടെയാണ് അന്തരീക്ഷത്തിൽ കഞ്ചാവ് പുകയുടെ മണം പരന്നത്. കഞ്ചാവ് പൊതികൾ ചാരം കൊണ്ട് മൂടിയാണ് ഒന്നുമറിയാത്ത മട്ടിൽ യുവാവ് പുറത്തിറങ്ങി നിന്നത്. എന്നാൽ ചാരത്തിലുണ്ടായ കനലുകളിൽ കഞ്ചാവ് എരിഞ്ഞ് പുക ഉയർന്നു മണം പിടിച്ച പൊലീസ് വീടുതേടിയെത്തി യുവാവിനെ കസ്റ്റഡിയിലെത്തു.
കഞ്ചാവ് വിൽപ്പന നടത്തിയതിനും മോഷണത്തിനും ഇയാളുടെ പേരിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ, കിഷോർ ചന്ദ്രൻ, ജിജിൻ ജെയിംസ്, ഡാൻസാഫ് അംഗങ്ങളായ എസ്ഐ പ്രദീപ്, എഎസ്‌ഐ ലിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, സുർജിത്ത്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.










0 comments