തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതിയെ പിടികൂടിയത് അസമിൽ നിന്ന്

തൃശൂർ: കൊലപാതകം ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ അസമിൽ ചെന്ന് പിടികൂടി കേരള പൊലീസ്. ഒഡിഷ സ്വദേശി ധൻപദ് നായ്ക്ക് (27) കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയായ അസം നൗഗാവ് സ്വദേശി നൂർ അലം (30) എന്നയാളെയാണ് അന്വേഷണ സംഘം അതിസാഹസികമായി പിടികൂടിയത്.
ജൂൺ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒഡിഷ സ്വദേശികളായ എട്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റാണ് ധൻപദ് കൊല്ലപ്പെട്ടത്. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതിനകം ആറ് പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നൂർ അലം സംഭവത്തിന് ശേഷം അസമിലേക്ക് കടന്നിരുന്നു.
തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്മുഖ്, അസിസ്റ്റന്റ് കമീഷണർ എം ശശീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസമിലെത്തിയാണ് അന്വേഷണം നടത്തിയത്. അസമിലെ മോരിഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോപ്പുജാരി ഗ്രാമത്തിലെ ചതുപ്പുപ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ കിരൺ സി നായർ, എഎസ്ഐ ജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ, ഹരീഷ് കുമാർ, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments