print edition സാമ്പത്തിക നിയന്ത്രണവും; നിയമന നിരോധനവുമായി യുഡിഎഫ് സർക്കാർ

സംസ്ഥാനം നീണ്ടകാലയളവിനുശേഷം വീണ്ടും സാമ്പത്തിക നിയന്ത്രണത്തിലേക്കും നിയമന നിരോധനത്തിലേക്കുമോ? അധികാരത്തിലേറി രണ്ടരമാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിന്റെ നടപടികളും ധനവകുപ്പിന്റെ പുതിയ സർക്കുലറും അതിലേക്കാണ് വിരൽചൂണ്ടുന്നത്. ചെലവുചുരുക്കലിന്റെ മറവിൽ സാധാരണജനങ്ങളോട് വീണ്ടും മുണ്ട് മുറുക്കിയുടുക്കാൻ പറയുകയാണ് വി ഡി സതീശൻ സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്ലാൻ അടങ്കലിൽ 5380 കോടി രൂപ വെട്ടിക്കുറവ് വരുത്തി പുതുക്കിയ ബജറ്റ് അവതരിപ്പിച്ചശേഷമാണ് ഇൗ മാർഗങ്ങൾ തേടുന്നതെന്നതാണ് അതിലേറെ ക്രൂരം.
2027-–28 ബജറ്റ് തയ്യാറാക്കാനുള്ള നിർദേശങ്ങളെന്ന പേരിലാണിത്. പുതിയ പദ്ധതികൾ പാടില്ല, ലാഭകരമല്ലാത്തതും അടിയന്തരമല്ലാത്തതുമായ പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കണം, ശമ്പളം ഒഴികെയുള്ള ചെലവുകൾ പരിമിതപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിൽ പ്രധാനമായുള്ളത്. പുതിയ പദ്ധതിനിർദേശങ്ങളൊന്നും വകുപ്പുകൾ നൽകാൻ പാടില്ല. ശമ്പളം ഒഴികെയുള്ള പദ്ധതിയിതര ചെലവുകൾ മുൻവർഷത്തെ നിരക്കിൽത്തന്നെ നിലനിർത്തണം– എന്നിവയുമുണ്ട്. അതിലേറെ അപകടം ജീവനക്കാരുടെ പുനർവിന്യാസമെന്ന പേരിലുള്ളതാണ്.
ഏതെങ്കിലും പദ്ധതി മാറ്റിവയ്‌ക്കുമ്പോഴോ ഒഴിവാക്കുമ്പോഴോ അധികമാകുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി ഭാവിയിലെ ഒഴിവുകളിലേക്ക് നിയമിക്കാൻ നോക്കണമെന്നാണ് ധനവകുപ്പ് പറയുന്നത്. അതായത് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്ന തസ്‌തിക ഒഴിവുകൾ കുത്തനെ കുറയുമെന്നർഥം. എന്നുവച്ചാൽ പുതിയ നിയമനം ഉണ്ടാകില്ലെന്നുതന്നെ. പിഎസ്‌സിവഴി ജോലി സ്വപ്‌നംകണ്ട് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണിത്. ഇൗ നിർദേശങ്ങൾ കേരളത്തെ വലിയ ആപത്തിലേക്കാണ് തള്ളിവിടാൻ പോകുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചതടക്കമുള്ള യുഡിഎഫ് നടപടികളുടെ പ്രത്യാഘാതം അനുഭവപ്പെട്ട് തുടങ്ങിക്കഴിഞ്ഞു. ലൈഫ് വീടുകളുടെ ഗഡുക്കൾ നൽകാനാകാതെ പലതിന്റെയും പണി പാതിനിലച്ചു. പൂരക, അനുപൂരക പോഷകാഹാര പദ്ധതിയടക്കം വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതെല്ലാം സവിശേഷശ്രദ്ധ വേണ്ടുന്ന സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗത്തെയാണ് ബാധിക്കുന്നതെന്നതാണ് പരിതാപകരം.
എന്നാൽ, കഴിഞ്ഞ പത്തുവർഷം കേരളം കണ്ടത് മറ്റൊരു മാതൃകയാണ്. കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധവും കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കലും നിലനിന്നിട്ടും എൽഡിഎഫ് സർക്കാർ വികസനത്തിനോ ക്ഷേമത്തിനോ ഒരു മുടക്കവും വരുത്തിയില്ല. പിഎസ്‌സിവഴി റെക്കോഡ് നിയമനം നടന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് അധികവിഹിതം നൽകി. കിഫ്ബിവഴി വികസനം മുന്നോട്ട് കൊണ്ടുപോയി.
ഇവിടെ ചരിത്രം ആവർത്തിക്കുകയാണ്. 2001-ൽ എ കെ ആന്റണി അധികാരത്തിൽ വന്നപ്പോഴും ഇതേ വാചകമായിരുന്നു– -"ജനങ്ങൾ മുണ്ട് മുറുക്കിയുടുക്കണം’. അന്ന് നിയമന നിരോധനം, ട്രഷറി നിരോധനം, വികസനമുരടിപ്പ്. ഉമ്മൻചാണ്ടിക്കാലത്തും ഇതുതന്നെ തുടർന്നു. എന്നൊക്കെ യുഡിഎഫ് അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം ‘സാമ്പത്തികപ്രതിസന്ധി’ മുറവിളിയും നിയന്ത്രണവുമാണ് കേരളത്തിന് ലഭിക്കുന്ന സമ്മാനം.
സതീശൻ സർക്കാരാകട്ടെ, ഒരുപടികൂടി കടന്ന് മുഖ്യമന്ത്രിയുടെ വാക്കിൽമാത്രമല്ല പ്രവൃത്തിയിലും ഇരട്ടത്താപ്പാണെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എൽഡിഎഫ് സർക്കാർ കടമെടുക്കുന്നേ, കടമെടുക്കുന്നേ എന്ന് വിളിച്ചുകൂവിയവർ അധികാരമേറ്റ് രണ്ടരമാസത്തിനുള്ളിൽത്തന്നെ പൊതുവിപണിയിൽനിന്ന് 10,400 കോടി രൂപ കടമെടുത്തു. പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ടവന്റെ പദ്ധതികൾ വെട്ടിക്കുറയ്ക്കുമ്പോൾ, ക്ലിഫ് ഹൗസ് മോടികൂട്ടാൻ മൂന്നുകോടി മുടക്കാൻ ഒരു മടിയുമുണ്ടായില്ല.
എൽഡിഎഫ് കാലത്ത് പത്തുലക്ഷം ചെലവാക്കിയാൽപ്പോലും മോടികൂട്ടലെന്ന് വിലപിച്ചവർ മന്ത്രിമന്ദിരങ്ങൾക്കായി 30 കോടി ചെലവഴിച്ചപ്പോൾ അറ്റകുറ്റപ്പണിയായിമാറി. പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന് എല്ലാവരെയും നിയമിക്കുന്നില്ലെന്ന് വിമർശിച്ചവർ നിയമന നിരോധനത്തിന് കരുക്കൾ നീക്കുന്നു. സംസ്ഥാനത്തിന്റെ സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മികച്ച വരുമാനം ലഭിച്ചെന്ന് പുറമെ വീമ്പുപറയുകയും മറുവശത്ത് കടുത്ത സാമ്പത്തികപ്രതിസന്ധിയാണെന്നു പറഞ്ഞ് വകുപ്പുകൾക്ക് കടിഞ്ഞാണിടുകയും ചെയ്യുന്നു.
തന്നെയുമല്ല, പുതിയ ധന കമീഷന്റെ ശുപാർശപ്രകാരം നികുതിവിഹിതത്തിൽമാത്രം സംസ്ഥാനത്തിന് 9000 കോടി രൂപ വർഷം അധികം കിട്ടുകയും ചെയ്യും. വസ്‌തുതകൾ ഇതാണെന്നിരിക്കെ സർക്കാരിന്റെ ഇൗ നീക്കത്തിനുപിന്നിൽ വികസന–ക്ഷേമ പ്രവർത്തനങ്ങളിൽനിന്നുള്ള പിൻവാങ്ങൽനയവും അഴിമതിയുമാണ് ലക്ഷ്യമെന്ന് വ്യക്തം. കടമെടുപ്പിലെ ധൂർത്തും ഭരണപരാജയവും മറച്ചുപിടിക്കാൻ ചെലവുചുരുക്കലിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന ഇൗ നിലപാടുകൾക്കെതിരെ ശക്തമായ ജനരോഷം ഉയരേണ്ടതുണ്ട്.










0 comments