print edition ഡൽഹി പൊലീസ് ഫോൺ ചോർത്തുന്നു: ഐഷി ഘോഷ്

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജിയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും വാര്‍ത്താ സമ്മേളനത്തില്‍
ന്യൂഡൽഹി: ഡൽഹി പൊലീസ് താൻ ഉൾപ്പടെയുള്ള വിദ്യാർഥി നേതാക്കളുടെ ഫോൺ ചോർത്തുന്നുണ്ടെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. വിദ്യാർഥി നേതാക്കളുടെ വാട്സാപ് സന്ദേശമടക്കം ചോർത്തുകയാണ്. തന്നെ ഡൽഹി പൊലീസ് രഹസ്യമായി പിന്തുടരുന്നുണ്ട്. ചൊവ്വാഴ്‌ച പകൽ എകെജി ഭവനിലേക്ക് എത്തുന്ന കാര്യം രണ്ടോ മൂന്നോ പേർക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്.
എകെജി ഭവനിലെത്തി അൽപ്പസമയത്തിനുള്ളിൽ സിവിൽ വേഷത്തിലുള്ള ഉദ്യോഗസ്ഥ തന്നെ സമീപിച്ച് അറസ്‌റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. സ്വാഭാവിക നടപടിയാണെങ്കിൽ അവർ ആദ്യം എത്തേണ്ടത് ജെഎൻയുവിലെ ഹോസ്‌റ്റലിലോ ബംഗാളിലെ വീട്ടിലോ ഡൽഹി സുർജിത് ഭവനിലെ എസ്‌എഫ്‌ഐ ഓഫീസിലോ ആണ്. പൊലീസ് രഹസ്യമായി പിന്തുടരുന്നെന്ന് ഇതിലൂടെ വ്യക്തമായി.
വിദ്യാർഥി നേതാക്കൾ വാട്സാപ്പിൽ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുകയോ സന്ദേശമയക്കുകയോ ചെയ്‌താൽ അൽപ്പസമയത്തിനുള്ളിൽ അവരുടെ ഓഫീസിന്റെ പരിസരത്ത് പൊലീസെത്തും. ജന്തർമന്തറിൽ നിർമിതബുദ്ധി അടിസ്ഥാനമാക്കിയ മുഖം തിരിച്ചറിയൽ സംവിധാനം (എഫ്‌ആർഎസ്) ഏർപ്പെടുത്തി.
അതിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി പരിഗണനയിലാണ്. കേസിൽ നിന്നും പിന്നോട്ടില്ലെന്നും ഐഷി പറഞ്ഞു. വാർത്താസമ്മേളനത്തിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, അഭിഭാഷകരായ കെ ആർ സുഭാഷ്‌ചന്ദ്രൻ, കെ എൻ ജയശങ്കർ, അനിരുദ്ധ് എന്നിവരും പങ്കെടുത്തു.









0 comments