Deshabhimani

ആർഎസ്എസ് പരിപാടിക്ക് പൊലീസ് കാവൽ, സുഗതന് ആശ്വാസം, ആരോഗ്യവകുപ്പിൽ ബിജെപി നേതാവ്; കേരളം ഭരിക്കുന്നത് ആർഎസ്എസോ?

...
avatar
പാർവതി ഗിരികുമാർ

Published on Oct 07, 2026, 08:33 PM | 2 min read

തിരുവനന്തപുരം: 30 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുന്നത് കാണിച്ചുതരാമെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രസ്താവിച്ചത്. ആ പ്രസ്താവനയെ അരക്കിട്ടുറപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ബിജെപിക്ക് കേരളം ഭരിക്കാൻ 30 സീറ്റൊന്നും വേണ്ടി വന്നില്ല. വെറും മൂന്ന് സീറ്റുകൾ ലഭിച്ചപ്പോൾ തന്നെ കേരളത്തിലെ സകല സംവിധാനങ്ങളെയും സംഘപരിവാർ അജണ്ടയിലേക്ക് പിടിച്ചുകെട്ടാൻ അവർക്കായി. തെരഞ്ഞെടുപ്പ് സമയത്തെയും ഫലപ്രഖ്യാപനത്തിലെയും ബിജെപി കോൺഗ്രസ് ഡയലുകളും അവിശുദ്ധകൂട്ടുകെട്ടുകളും അധികാരത്തിലേറിയതോടെ ക്രമേണ സംഘപരിവാർ വിധേയത്വമായി മാറുകയായിരുന്നു.


ലൈഫ് പദ്ധതിയിലൂടെ വയ്ക്കുന്ന വീടുകൾക്ക് മോദിയുടെയും കേന്ദ്രസർക്കാരിന്റെ ചിത്രം വയ്ക്കാമെന്ന സമ്മതപത്രത്തിലൂടെ മലയാളികളുടെയാകെ ആത്മാഭിമാനത്തെയാകെ യുഡിഎഫ് സർക്കാർ സംഘപരിവാറിന് അടിയറവുവച്ചു. കാലം കഴിയുംതോറും കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സംഘപരിവാർ പാറ്റേർണിലായി. സ്കൂൾ ഗെയിംസിന്റെ അരക്ഷിതാവസ്ഥയും ആശുപത്രികളിലെ കെടുകാര്യസ്ഥതയുമൊക്കെ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.


അടുത്തിടെ നടന്ന മൂന്ന് കാര്യങ്ങളിൽ കേരള സർക്കാരിന്റെ സംഘപരിവാർ ദാസ്യം കുറച്ചധികം പ്രകടമാണ്. വന്ദേമാതരം 150–-ാം വാർഷികത്തിന്റെ പേരിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ആർഎസ്‌എസ്‌ അനുകൂല സെമിനാറിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പോലും ഇന്നലെ അനുവദിച്ചിട്ടില്ല. എബിവിപിക്കാരെമാത്രം അകത്തുപ്രവേശിപ്പിച്ചതിലും പങ്കെടുക്കാൻ രജിസ്‌റ്റർചെയ്ത വിദ്യാർഥികൾക്ക്‌ പ്രവേശനം നിഷേധിച്ചതിലും വിദ്യാർഥികൾക്കിടയിൽ കടുത്ത അമർഷമുണ്ടായി. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കടുത്ത ഭാഷയിലാണ് സർക്കാരിന്റെ സ്വന്തം പൊലീസ് സേന നേരിട്ടത്.


വിദ്യാർത്ഥികളാണെന്നോ അവരുടെ ആവശ്യം ന്യായമാണെന്നോ ഉള്ള പരിഗണന പോലുമില്ലാതെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. കേരളത്തിനുള്ളിൽ ഒരു സർവകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒരു പരിപാടി വേണ്ടെന്ന് വയ്ക്കാനോ അതിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താനോ ഉള്ള ഒരു നിലപാട് പോലും സ്വീകരിക്കാൻ കേരളത്തിലെ സർക്കാരിന് സാധിക്കില്ലേ. സർക്കാരിന് അത് സാധിക്കാത്തതാണോ മനഃപൂർവം വേണ്ടെന്ന് വച്ചതാണോ?


തിരുവനന്തപുരം നഗരഭയിലെ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത് ഗുണ്ടാ ആക്ട് പ്രകാരമാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് പൊലീസിനും കോടതിക്കും ഒരിക്കലും വ്യക്തമായ ഒരു പ്രതിയെ നിഷ്പ്രയാസം ജയിലിൽ നിന്ന് പുറത്തിറക്കാൻ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയാണ്. സുഗതന്റെ ജാമ്യാപേക്ഷയെ എതിർക്കുന്ന സർക്കാർ വാദങ്ങൾ ശക്തമായിരുന്നുവെങ്കിൽ കാപ്പ പോലെ ജാമ്യം എളുപ്പത്തിൽ നിഷേധിക്കപ്പെടുന്ന ഒരു വകുപ്പിനെ സംബന്ധിച്ച കേസിൽ ഇത്ര ചരിത്രപരമായ ഒരു വിധി ഉണ്ടാകുമായിരുന്നില്ല.


സാധാരണ ഗതിയിൽ ജാമ്യാപേക്ഷ തള്ളുന്ന നിലയിലുള്ള ഒരു കേസ് ആയതിനാൽ സുഗതനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മിനുട്സ് ബുക്കിൽ വ്യാജ ഒപ്പ് വരെ ഇട്ട് തയാറായിരിക്കുകയായിരുന്നു നഗരസഭയിലെ ബിജെപി. സുഗതന് അടുത്തകാലത്തൊന്നും പുറത്തിറങ്ങാൻ സാധിക്കില്ല എന്ന ബോധ്യം ബിജെപി നേതൃത്വത്തിന് തന്നെ ഉണ്ടായിരുന്ന സാഹചര്യത്തിൽ ആരെ പ്രീതിപ്പെടുത്താനായിരുന്നു സർക്കാരിന്റെ ആ സ്നേഹസമ്മാനം. നഗരസഭാ ഭരണം ബിജെപിയുടെ കൈയിൽ ഭദ്രമായിരിക്കണം എന്നത് ബിജെപിയേക്കാൾ ആവശ്യം യുഡിഎഫ് സർക്കാരിനാണെന്ന് പോലും സംശയിക്കുന്ന തരാം സഹായങ്ങളാണ് സുഗതന്റെ വിഷയത്തിൽ മാത്രം കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.


ഇപ്പോൾ സർക്കാർ വകുപ്പുകളിൽ നിയമനം ലഭിക്കാനുള്ള ഏറ്റവും വലിയ യോഗ്യത ബിജെപി നേതാവായിരിക്കുക എന്നതാണ്. കോന്നി നഴ്‌സിങ് കോളജിൽ സീനിയർ സൂപ്രണ്ടായി നിയമിച്ചത് ബിജെപി പെൻഷനേഴ്‌സ് സെൽ കൺവീനറും മുൻ നേതാവുമായ രതീഷ് ആർ നായരെയാണ്, തെരഞ്ഞെടുപ്പ് വിജയിക്കാൻ ലഭിച്ച കൈയഴിഞ്ഞ സഹായങ്ങൾക്കുള്ള നന്ദി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ..!


കോൺഗ്രസിന്റെ തളർച്ചയേക്കാൾ ബിജെപിയുടെ വളർച്ചയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. തെരഞ്ഞെടുപ്പിന് മുൻപുവരെ കേരളം ഭരിക്കാൻ ബിജെപിക്ക് 30 സീറ്റ് വേണമായിരുന്നു. എന്നാൽ അര നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച പാരമ്പര്യമുള്ള പാർട്ടിയെ വെറും മൂന്ന് സീറ്റിന്റെ ബലത്തിൽ തളച്ചിടാനുള്ള സാമ്പത്തികശേഷിയും അധികാരവും ബിജെപിക്കുണ്ടായി. കേരളത്തിലെ ജനങ്ങളെയൊന്നാകെ കോമാളികളാക്കി തങ്ങളാണ് ഭരിക്കുന്നതെന്നു അടിവരയിടുന്ന പ്രഖ്യാപനങ്ങളും സർക്കാരിനെ കൊണ്ട് നടത്തിക്കാൻ ബിജെപിക്ക് കഴിയുന്നുണ്ട്. കേരളം ഭരിക്കുന്നത് ബിജെപി യുഡിഎഫ് സഖ്യമാണോ എന്ന സംശയമൊന്നും ഇന്ന് കേരളത്തിലെ ജനങ്ങൾക്കില്ല. സവർക്കാർക്കുമുന്നിൽ കുമ്പിട്ട് തിരിതെളിച്ച നിലപാടിന്റെ രാജകുമാരൻ അമരത്തിരിക്കുമ്പോൾ ഭരിക്കുന്നത് ബിജെപി തന്നെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home