'ഇനി ആരും ഉപയോഗിക്കരുത്; ഓര്‍മ നഷ്ടപ്പെട്ടു, കാലിലും മുഖത്തും നീര് വന്നു'

പെൺകുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു (ഇടത്)
മലപ്പുറം: ഓൺലൈൻ വഴി വാങ്ങിയ സൗന്ദര്യവർധക ഫെയ്സ്‌ക്രീം ഉപയോഗിച്ചു ഗുരുതരമായ വൃക്കരോഗം ബാധിച്ച 18 വയസ്സുകാരി പൊലീസിൽ പരാതി നൽകി. നിയമപരമായി മുന്നോട്ടുപോകുമെന്നും ഉപഭോക്തൃ കോടതിയെയും സമീപിക്കുമെന്നും പെൺകുട്ടി അറിയിച്ചു.
എഫ് ട്യൂൺ എന്ന ക്രീം ഉപയോഗിച്ചശേഷമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ക്രീമിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കാലിലും മുഖത്തും നീര് വരികയും, ഓര്‍മ നഷ്ടപ്പെടുകയും ചെയ്തു. ആരെങ്കിലും ഈ ക്രീം ഉപയോഗിക്കുന്നുണ്ടെങ്കിൽ നിര്‍ത്തണമെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അരീക്കോട് ആസ്റ്റർ മിംസ് മദർ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ ചികിത്സയിലാണ് പെൺകുട്ടി. ശരീരത്തിൽ നീരും കടുത്ത അസ്വസ്ഥതകളുമായാണ് ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനകളിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തി. മെർക്കുറി ശരീരത്തിലെത്തിയ ഉറവിടം കണ്ടെത്താൻ നെഫ്രോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. എസ് ഗൗരി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്ന സൗന്ദര്യവർധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീം കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു. ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സഹപാഠികളിൽനിന്നാണ് ഫെയർനെസ് ക്രീമിനെ കുറിച്ച് അറിഞ്ഞതെന്നും ക്രീം ഉപയോഗിച്ചതിലൂടെ രോഗം ബാധിച്ചതിൽ നിയമനടപടികളുമായി മുന്നോട്ട്‌പോവുമെന്നും പെൺകുട്ടി പറഞ്ഞു.








0 comments