ജിമിക്കിയും കായലും കസവും; മിസ് യൂണിവേഴ്സ് വേദിയിൽ കേരളത്തിന്റെ അഴകുമായി കെസിയ

പ്യൂർട്ടോറിക്കോ: ജിമിക്കിയുടെ കിലുക്കം, കസവിന്റെ തിളക്കം, ഒപ്പം കേരളത്തിന്റെ പച്ചപ്പും കായലും ഹൗസ്ബോട്ടും. ലോകസുന്ദരി വേദിയിൽ കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും നിറച്ച് മലയാളി കെസിയ ലിസ് മെജോ. മിസ് യൂണിവേഴ്സ് മത്സരത്തിലെ നാഷണൽ കോസ്റ്റ്യൂം റൗണ്ടിലാണ് കെസിയ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വേഷത്തിലെത്തിയത്. വസ്ത്രത്തിന്റെ ഓരോ ഭാഗത്തും കേരളത്തിന്റെ പ്രകൃതിയും പാരമ്പര്യവും നിറഞ്ഞുനിന്നു.
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയായ കെസിയയുടെ വേഷം കേരളത്തനിമയ്ക്കൊപ്പം ഇന്ത്യയുടെയും പ്യൂർട്ടോറിക്കോയുടെയും സംസ്കാരങ്ങൾ ഒത്തുചേർന്നതായിരുന്നു. ഇന്ത്യൻ പരമ്പരാഗത ആഭരണങ്ങളിൽ ഏറെ പ്രചാരമുള്ള ജിമിക്കിയുടെ വലിയ മാതൃക ഇരുവശങ്ങളിലും തൂങ്ങിക്കിടക്കുന്നതായിരുന്നു പ്രധാന ആകർഷണം. കസവുസാരിയെ ഓർമിപ്പിക്കുന്ന ക്രീം, ഓഫ് വൈറ്റ്, ഗോൾഡ് നിറങ്ങളും വേഷത്തിന് കേരളീയ ഭംഗി നൽകി.
വസ്ത്രത്തിൽ മാത്രമായിരുന്നില്ല കേരളം. തലയുടെ പിന്നിലായി ഒരുക്കിയ അലങ്കാരത്തിലും നാടിന്റെ മനോഹരമായ കാഴ്ചകളുണ്ടായിരുന്നു. തെങ്ങുകളും കായലും ഹൗസ്ബോട്ടും കേരളത്തിന്റെ പച്ചപ്പുമെല്ലാം അതിൽ ഇടംപിടിച്ചു. തൂവലുകൾ കൊണ്ടുള്ള കിരീടവും പച്ചിലകളുടെ മാതൃകയും വേഷത്തിന്റെ ഭാഗമായിരുന്നു.
കേരളത്തനിമയോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വസ്ത്രനിർമാണ പാരമ്പര്യവും ഈ വേഷത്തിൽ ഒത്തുചേർന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള തുണിത്തരങ്ങൾ ഉപയോഗിച്ചാണ് വസ്ത്രം ഒരുക്കിയത്. ഇന്ത്യൻ കരകൗശല മികവിനൊപ്പം ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ സ്വാധീനവും ഉൾപ്പെടുത്തിയിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും പ്യൂർട്ടോറിക്കോയുടെയും സാംസ്കാരിക ഘടകങ്ങൾ ചേർന്ന വേഷമായിരുന്നു കെസിയയുടേത്.
സ്വന്തം നാടായ കേരളത്തിന്റെ പാരമ്പര്യവും പ്രകൃതിഭംഗിയും ലോകവേദിയിലെത്തിക്കാനാണ് ശ്രമിച്ചതെന്ന് ചിത്രങ്ങൾ പങ്കുവച്ച് കെസിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മത്സരവേദിയിലെ വേഷം വെറുമൊരു ഫാഷൻ പരീക്ഷണമല്ല, നാടിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു.
നേരത്തേ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പേഴ്സണൽ ഇന്റർവ്യൂ റൗണ്ടിലും കേരളത്തിന്റെ കസവുസാരിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൗൺ ധരിച്ചാണ് കെസിയ എത്തിയത്. മുടിയിൽ മുല്ലപ്പൂവും ചൂടിയിരുന്നു. 'എന്റെ നാടിന്റെ ഒരംശം, ചരിത്രത്തിന്റെ ഒരു ഭാഗം, എന്റെ യാത്രയിലെ ഓരോ ചുവടും' എന്ന കുറിപ്പോടെയാണ് അന്ന് ചിത്രങ്ങൾ പങ്കുവച്ചത്.
ആലപ്പുഴ മാവേലിക്കര സ്വദേശിയായ 19കാരി കെസിയ ലിസ് മെജോ ഈ വർഷമാണ് മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഓഗസ്റ്റ് 23ന് ജയ്പുരിൽ നടന്ന മത്സരത്തിലായിരുന്നു വിജയം. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി കൂടിയാണ് കെസിയ.
പ്യൂർട്ടോറിക്കോയിലെ സാൻ ഹുവാനിലാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്. നവംബർ 24നാണ് ഫൈനൽ. ലോകസുന്ദരിപ്പട്ടത്തിനായുള്ള അവസാന പോരാട്ടത്തിന് മുമ്പുതന്നെ കേരളത്തിന്റെ കസവും ജിമിക്കിയും കായലും ലോകവേദിയിലെത്തിച്ചിരിക്കുകയാണ് കെസിയ.








0 comments