Deshabhimani

കാലാവസ്ഥാ ഉച്ചകോടിയിൽ 'പെട്രോളിയം മാഫിയ' ഫോസിൽ ഇന്ധനങ്ങളെ കുറിച്ച് മിണ്ടാതെ കരട് രേഖ

cop31 protest
വെബ് ഡെസ്ക്

Published on Nov 22, 2026, 04:50 PM | 3 min read

അന്റാല്യ:കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ അതിന്റെ തീഷ്ണ രൂപത്തിൽ ലോകം ഏറ്റുവാങ്ങുമ്പോള്‍ ആഗോള താപന നിയന്ത്രണത്തിൽ ഐക്യ പ്രഖ്യാപനം സാധ്യമാവാതെ യുഎൻ കാലാവസ്ഥാ ഉച്ചകോടി. ഫോസിൽ ഇന്ധനങ്ങളെ കുറിച്ച് പരാമര്‍ശം പോലും ഇല്ലാതെ ഐക്യരാഷ്ട്രസഭയുടെ കോപ്പ്-31 കാലാവസ്ഥാ ഉച്ചകോടിയുടെ അന്തിമ കരട് രേഖ പുറത്തിറക്കി.


തുര്‍ക്കിയിലെ അന്റാല്യയിൽ ചേർന്ന 31-ാമത് ഉച്ചകോടി ഇക്കാര്യത്തിൽ ധാരണയിൽ എത്താൻ കഴിയാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിലധികം അനിശ്ചിതത്വത്തിലായി. ആഗോള താപനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര കരാറിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, കൽക്കരി തുടങ്ങി ഫോസിൽ ഇന്ധനങ്ങളെ കുറിച്ച് പരാമർശിക്കണോ എന്നത് തര്‍ക്കത്തിലായി. സമവായ സാധ്യത മങ്ങിയതോടെ തിടുക്കപ്പെട്ടാണ് നടപടി. ഫോസിൽ ഇന്ധന ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ ആഹ്വാനങ്ങൾ ഒഴിവാക്കിയാണ് തുർക്കി പരിസ്ഥിതി മന്ത്രിയും കോപ്പ്-31 പ്രസിഡന്റുമായ മുറാത്ത് കുറും കരട് രേഖ പുറത്തു വിട്ടത്. ഞായറാഴ്ച പുലർച്ചെയാണ് 10 പേജുള്ള കരട് രേഖ പ്രഖ്യാപിക്കാനായത്.


കരട് രേഖയിന്മേൽ എതിർപ്പുകളോ മാറ്റങ്ങളോ നിർദ്ദേശിക്കാൻ പ്രതിനിധികൾക്ക് വെറും മൂന്ന് മണിക്കൂർ സമയം മാത്രമാണ് അധ്യക്ഷൻ അനുവദിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് രേഖ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി ലഭ്യമാക്കിയത് എന്നതിനാൽ രാജ്യങ്ങൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ഇതിനോട് ഉടൻ പ്രതികരിക്കാൻ സാധിച്ചില്ല.ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.


രണ്ടാഴ്ചത്തെ ഉച്ചകോടി നവംബര്‍ 20 വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. അഭിപ്രായ ഭിന്നതകള്‍ കാരണം ഞായറാഴ്ചത്തേക്ക് നീളുകയായിരുന്നു. പല രാജ്യങ്ങളുടെയും പ്രതിനിധികള്‍ അസ്വസ്ഥരായി മടങ്ങി. കരട് രേഖയുടെ അംഗീകാരത്തിനുള്ള വോട്ടെടുപ്പിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.


ദുബായ് ഉച്ചകോടിയിൽ

പിന്നോക്കം പോക്ക്


കരട് രേഖയുടെ ആദ്യ വരിയിൽ 2023 ലെ ദുബായ് ഉച്ചകോടിയിലെ യുഎഇ സമവായത്തെ അനുസ്മരിക്കുന്നുണ്ട്. എന്നാൽ പത്ത് പേജുള്ള കരടിൽ ഒരിടത്തും ഫോസിൽ, എണ്ണ, കൽക്കരി, ഘട്ടം ഘട്ടമായ ഒഴിവാക്കൽ എന്നീ നിര്‍ണായക പദങ്ങള്‍ ഇടംപിടിച്ചില്ല. ദുബായ് ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാൻ ലോകരാജ്യങ്ങൾ ചേര്‍ന്ന് അന്തിമ ധാരണയിൽ എത്തിയിരുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടികളുടെ ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ആദ്യമായി ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് ഔദ്യോഗിക രേഖയിൽ പരാമർശിക്കുകയും അവയിൽ നിന്ന് പിന്മാറാൻ ആഹ്വാനം ചെയ്യുകയും ചെയ്തു എന്നതാണ് ദുബായ് കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ നിന്നും വലിയ പിന്നോക്കം പോക്കാണ്.


സൗദി അറേബ്യ ഉള്‍പ്പെടെ എണ്ണ ഉത്പാദക രാജ്യങ്ങളാണ് വിപരീത സ്വാധീനം ചെലുത്തിയത് എന്നാണ് റിപ്പോ‍‍ർട്. ആഗോള താപനം തന്നെ തട്ടിപ്പാണെന്ന് പസര്യമായി പറഞ്ഞു കൊണ്ട് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരിസ്ഥിതി സതുലന ശ്രമങ്ങളെ ഒന്നാകെ പരിഹസിച്ചിരുന്നു.


ചർച്ചകളെ "പെട്രോളിയം മാഫിയ" ബന്ദിയാക്കിയിരിക്കുകയാണെന്നും ഉച്ചകോടിയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും പാനമ പരിസ്ഥിതി മന്ത്രി ജുവാൻ കാർലോസ് നവാരോ പ്രതികരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം മൂന്നിരട്ടിയാക്കുമെന്ന മുൻ വാഗ്ദാനങ്ങളിലും തുടര്‍ നടപടികള്‍ രേഖയിൽ ഇല്ല. ഇക്കാര്യത്തിൽ കൃത്യമയാ അടിസ്ഥാന തുക നിശ്ചയിക്കണമെന്ന ദരിദ്ര രാജ്യങ്ങളുടെ ആവശ്യവും പുതിയ കരടിൽ പരിഗണിക്കപ്പെട്ടിട്ടില്ല.


cop31 t


വൈദ്യുതിയിൽ പിടിമുറുക്കി

ഫോസിൽ ഇന്ധനങ്ങള്‍ക്ക് പ്രതിരോധം


ആഗോള ഊർജ്ജ ഉപഭോഗത്തിൽ വൈദ്യുതിയുടെ വിഹിതം നിലവിലുള്ള 21 ശതമാനത്തിൽ നിന്ന് 2035-ഓടെ 35 ശതമാനമായി ഉയർത്തണമെന്ന് കരട് രേഖ നിർദ്ദേശിക്കുന്നു. കാറുകൾ, ട്രക്കുകൾ, വിമാനങ്ങൾ എന്നിവ ഗ്യാസിൽ നിന്ന് വൈദ്യുതിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള തുർക്കി ഘട്ടത്തിലെ പ്രധാന നീക്കമാണിത്. എന്നാൽ ഇത് സാധ്യമാക്കാൻ പ്രസ്തുത വൈദ്യുതി കണ്ടെത്തുന്നത് സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാത്രമായിരിക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല.


കൽക്കരിയും വാതകവും ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ആഗോളതാപനം കുറയ്ക്കില്ലെന്ന് 'ക്ലൈമറ്റ് അനലിറ്റിക്സ്' സിഇഒ ബിൽ ഹെയർ മുന്നറിയിപ്പ് നൽകി. പുതിയ വൈദ്യുതിയുടെ 80 ശതമാനവും പുനരുപയോഗ ഊർജ്ജത്തിൽ നിന്നായതിനാൽ ഇത് കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് തുർക്കിയും അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും നിലപാട് ആവര്‍ത്തിച്ചത്.


എണ്ണകമ്പനികളുടെ ബദലുകള്‍


എണ്ണക്കമ്പനികൾ പിന്തുണയ്ക്കുന്ന 'കാർബൺ ക്യാപ്‌ചർ ആൻഡ് സ്റ്റോറേജ്' സാങ്കേതികവിദ്യയ്ക്ക് രേഖയിൽ പ്രത്യേക ലക്ഷ്യം വെച്ചിട്ടുണ്ട്. വ്യാവസായിക മേഖലകളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുത്ത് ഭൂമിക്കടിയിൽ സംഭരിക്കുന്നതിലൂടെ 100 കോടി മെട്രിക് ടൺ കാർബൺ കുറയ്ക്കാനാണ് നിർദ്ദേശം. എന്നാൽ ഇത് ഫോസിൽ ഇന്ധന ലോബികൾ തിരുകിക്കയറ്റിയതാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. തങ്ങളുടെ വാദങ്ങള്‍ക്ക് പിൻബലം നൽകാൻ വേണ്ടി ബദൽ ആശയത്തെ മാത്രം മുൻ നിര്‍ത്തി പ്രചാരണം നടത്തുകയായിരുന്നു എണ്ണ കമ്പനി ലോബികള്‍.


ഐക്യരാഷ്ട്രസഭയുടെ (UN) ആഭിമുഖ്യത്തിൽ നടക്കുന്ന 31-ാമത് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയാണ് കോപ്-31 (COP31 - 31st Conference of the Parties). ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുന്നതിനായി ലോകരാജ്യങ്ങൾ വർഷംതോറും ഒത്തുചേരുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വേദിയാണിത്. 1992-ൽ രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉടമ്പടിയിൽ (UNFCCC) ഒപ്പുവെച്ച ഏകദേശം 200-ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭൂമിയുടെ താപനില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ പിടിച്ചുനിർത്താനുള്ള 2015-ലെ പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ നേടാൻ കഴിയാതെ പോയ സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home