എംപിമാർക്കുനേരെ ലാത്തിച്ചാർജ്, വസ്ത്രങ്ങൾ വലിച്ചുകീറി; റോഡുകൾ അടച്ചിട്ടും തടയാനാകാത്ത ജനപ്രവാഹം

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തടയാൻ വിന്യസിക്കപ്പെട്ട ഉദ്യോഗസ്ഥർ
ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ അവകാശങ്ങളെ കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനുനേരെ രണ്ടാംദിനവും പൊലീസ് ആക്രമണം. എംപിമാർക്കുനേരെ പൊലീസും കേന്ദ്രസേനകളും ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ അതിക്രൂരമായി മർദിച്ചു. പ്രവർത്തകരുടെ വസ്ത്രങ്ങളും വലിച്ചുകീറി. വനിതാപ്രവർത്തകർക്കുനേരെയും കയ്യേറ്റമുണ്ടായി.
ബുധൻ വൈകുന്നേരമാണ് ഇന്ത്യ കൂട്ടായ്‌മ നേതൃത്വത്തിൽ എംപിമാർ ബസുകളിലായി ജന്തർമന്തറിലേക്ക് തിരിച്ചത്. എന്നാൽ കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് റോഡുകൾ അടക്കുകയും ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. സിഐഎസ്‌എഫ്, ബിഎസ്‌എഫ് ജവാൻമാരെയും ഇന്നും രംഗത്തിറക്കിയിരുന്നു.
എന്ത് തടസ്സം നേരിട്ടാലും മുന്നോട്ടുപോകുമെന്ന് എംപിമാർ പ്രഖ്യാപിച്ചു. ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹിം, വി ശിവദാസൻ, പി സന്തോഷ്കുമാർ തുടങ്ങിയവരെ അറസ്റ്റ് ചെയ്തുനീക്കി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് എംപിമാരെ വിട്ടയച്ചത്.
ജന്തർമന്തറിലേക്കുള്ളതടക്കം ഡൽഹിയിലെ പ്രധാന റോഡുകൾ എല്ലാം അടച്ചിട്ടും ജനപ്രവാഹത്തെ നിയന്ത്രിക്കാനായില്ല. ആയിരക്കണക്കിന് പ്രവർത്തകരാണ് നിമിഷനേരംകൊണ്ട് രാജ്യതലസ്ഥാനത്ത് ഒഴുകിയെത്തിയത്. ഇന്റർനെറ്റ് വിച്ഛേദിച്ചും ഗതാഗതം തടസപ്പെടുത്തിയും ജനങ്ങളെയും സുരക്ഷാഉദ്യോഗസ്ഥർ വലച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരം ശക്തമായി തുടരുമെന്ന് പ്രതിപക്ഷനേതാക്കൾ അറിയിച്ചു.









0 comments