print edition കേന്ദ്രത്തെ മുൾമുനയിലാക്കി പ്രതിഷേധം

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: ആർഎസ്‌എസ് ഉന്നതർ ഉൾപ്പെട്ട അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചു. സമാജ്‌വാദി പാർടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാരും പങ്കാളികളായി. "കാണിക്കക്കള്ളൻമാർ അധികാരത്തിൽ നിന്ന് പുറത്തുപോവുക'യെന്ന മുദ്രാവാക്യവും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിഷേധം.
അയോധ്യ വിഷയം അടിയന്തരമായി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യവും പ്രതിപക്ഷ പാർടികൾ മുന്നോട്ടുവെച്ചു. ചില എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നൽകി. കൊള്ളയിൽ ഉൾപ്പെട്ട ആർഎസ്‌എസ് ഉന്നതരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർടികൾ ഉയർത്തുന്നത്.
പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം ട്രസ്‌റ്റിനെയാണ് പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുന്നത്. ട്രസ്‌റ്റ് അംഗങ്ങളെ നിയമിച്ചത് പ്രധാനമന്ത്രി കാര്യാലയമായിരുന്നു. ആർഎസ്‌എസ് തലവൻമാരെയും സംഘപരിവാർ സഹയാത്രികരെയുമാണ് ട്രസ്റ്റിൽ ഉൾപ്പെടുത്തിയത്.
ശതകോടികളുടെ കൊള്ള നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും ട്രസ്‌റ്റ് ഭാരവാഹികളെയോ അംഗങ്ങളെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര– സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയായിരുന്ന വിഎച്ച്‌പി വൈസ്‌പ്രസിഡന്റ് ചമ്പത് റായ്, ട്രസ്‌റ്റ് അംഗമായ മുതിർന്ന ആർഎസ്‌എസ് നേതാവ് അനിൽ മിശ്ര എന്നിവരുടെ ബന്ധുക്കളും വിശ്വസ്‌തരും മറ്റുമാണ് ക്ഷേത്രകൊള്ള നടത്തിയത്. അന്വേഷണം ഇതുവരെ ചമ്പത് റായിയിലേക്കോ അനിൽ മിശ്രയിലേക്കോ നീണ്ടിട്ടില്ല.









0 comments