ദേശീയ സുബ്രതോ കപ്പ് ചാമ്പ്യന്ഷിപ്പ്
സെമിയിലേക്ക് കടന്ന് കേരളം

സുബ്രതോ കപ്പ് ഫുട്ബോള് ടൂര്ണമെന്റില് സെമി ഫൈനലിലേക്ക് കടന്ന മലപ്പുറം അത്താണിക്കല് എംഐസി ഇഎംഎച്ച്എസ്എസ് ടീമിന്റെ ആഹ്ലാദം
സ്വന്തം ലേഖകന്
മലപ്പുറം
അണ്ടര് 17 ദേശീയ സുബ്രതോ കപ്പ് ഫുട്ബോള് ചാമ്പ്യന്ഷിപ്പില് കേരളം സെമിയിലേക്ക് കടന്നു. ഡല്ഹിയില് നടക്കുന്ന മത്സരത്തില് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മലപ്പുറം അത്താണിക്കല് എംഐസി ഇഎംഎച്ച്എസ്എസ് ടീമാണ് തോല്വിയറിയാതെ മുന്നേറുന്നത്. തിങ്കളാഴ്ച രാവിലെ മണിപ്പുരിനെതിരെ നടന്ന ക്വാര്ട്ടര് ഫൈനലില് ൩–1നാണ് കേരളം വിജയിച്ചത്. ക്യാപ്റ്റന് ബി ജിത്തു, അനൗക് ഷോണ് ആന്റണി, കെ ഐ തൗഫീഖ് എന്നിവരാണ് ഗോള്വേട്ടക്കാര്. എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം ക്വാര്ട്ടറിലേക്ക് കടന്നത്. അഞ്ച് മത്സരങ്ങളിലായി 26 ഗോളുകള് അടിച്ചുകൂട്ടി. രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലില് ബംഗളൂരു ആര്മി ബോയ്സ് സ്കൂളിനെ നേരിടും. കഴിഞ്ഞവര്ഷവും കേരളത്തിനായിരുന്നു ദേശീയ സുബ്രതോ കപ്പ് കിരീടം. അന്ന് കോഴിക്കോട് ഫാറൂഖ് എച്ച്എസ്എസാണ് ചാമ്പ്യന്മാരായത്. ഇത്തവണ സംസ്ഥാന ചാമ്പ്യന്ഷിപ്പില് ഫാറൂഖ് ടീമിനെ പരാജയപ്പെടുത്തിയാണ് അത്താണിക്കല് എംഐസി ടീം ദേശീയതലത്തിലേക്ക് യോഗ്യതനേടിയത്. ആദ്യമായാണ് ദേശീയമത്സരത്തില് എംഐസി ടീം സെമിയിലേക്ക് കടക്കുന്നത്. ഇതിന് മുമ്പ് 2022, 2023 വര്ഷങ്ങളില് ക്വാര്ട്ടറില് തോറ്റ് പുറത്തായി. ടീം: ബി ജിത്തു (ക്യാപ്റ്റന്), പ്രത്യുഷ് ദേവ്, സുമൈൽ മുഹമ്മദ് നിസാർ (ഇരുവരും ഗോള്കീപ്പര്മാര്), അനൗക് ഷോൺ ആന്റണി, മുഹമ്മദ് സാഹിർ, ആര് റിൻ ടോമി, മുഹമ്മദ് ആദിൽ, സയീദ് അജ്മൽ, ആന്റണി ജോയ്, അമർ അസീം, പി എന് മുഹമ്മദ് ഫൈസാൻ, വി എ അബ്ദുറഹ്മാൻ ഗൗഫ്, റിദ്വാൻ, കെ ഐ തൗഫീഖ്, കെ ആര് അദ്വൈദ്, മുഹമ്മദ് ഷിനാസ്. എം ടി അനാസില് മുഖ്യപരിശീലകനും എസ് ആര് ജയന്ത് സഹപരിശീലകനുമാണ്. മുത്തൂറ്റ് ഫുട്ബോള് അക്കാദമിക്ക് കീഴിലാണ് ടീമിന്റെ പരിശീലനം.








0 comments