തുക അനുവദിച്ചിട്ട് ഒരാഴ്ച
ഇനിയും അക്കൗണ്ടിലെത്താതെ "10,000' രൂപ

സ്വന്തം ലേഖിക
Published on Sep 22, 2026, 12:15 AM | 1 min read
പത്തനംതിട്ട
ജില്ലയിൽ ആഗസ്ത് ആദ്യമുണ്ടായ മിന്നൽ പ്രളയം ബാധിച്ചവർക്ക് അനുവദിച്ചുവെന്ന് സർക്കാർ പറഞ്ഞ തുക ഇനിയും കിട്ടാതെ കുടുംബങ്ങൾ. ജില്ലയിലെ ആറ് താലൂക്കുകളിലായി 25,648 കുടുംബങ്ങൾക്കാണ് പതിനായിരം രൂപ വീതം അനുവദിച്ചതായി കഴിഞ്ഞ 15ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും അർഹതപ്പെട്ട ഇൗ തുക അക്കൗണ്ടിൽ എത്തിയില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്.
മിന്നൽപ്രളയത്തിന് 46 ദിവസം കഴിഞ്ഞപ്പോളാണ് യുഡിഎഫ് സർക്കാർ "അടിയന്തരസഹായം' അനുവദിച്ചത്. പ്രളയത്തിൽ തകർന്ന വീടുകളിലേക്ക് വീട്ടുകാർ മടങ്ങുംമുമ്പ് നൽകേണ്ട സഹായമാണിത്. അടൂർ, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, കോന്നി, തിരുവല്ല ഉൾപ്പെടെ ആറ് താലൂക്കുകളിലും പ്രളയം നാശം വിതച്ചിരുന്നു. ജില്ലയിലെ 25,648 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം 25.64 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ 19വരെ പതിനായിരത്തിലധികം കുടുംബങ്ങൾക്ക് തുക അനുവദിച്ചെന്നാണ് ജില്ലാ അധികൃതരുടെ വാദം. എന്നാൽ തിരുവല്ലയിലും റാന്നിയിലുമടക്കം സഹായം ലഭിക്കാത്തവരാണ് കൂടുതൽ.
വെള്ളം കയറി ലക്ഷങ്ങൾ നാശമുണ്ടായ വ്യാപാരികൾക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയിൽ ഇതുവരെ തീരുമാനമായില്ല. ജില്ലയിൽ രണ്ടായിരത്തോളം കടകളിൽ പ്രളയജലം ഇരച്ചുകയറിയിരുന്നു. ഇവർക്കുള്ള "അടിയന്തരസഹായം' ഇനിയും വൈകും. കനത്ത മഴയിൽ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായ കർഷകർക്കും സഹായം ലഭിച്ചിട്ടില്ല.










0 comments