ad
Deshabhimani

പ്രിയപ്പെട്ടവര്‍ക്ക് വിടയേകി നാട്

a
വെബ് ഡെസ്ക്

Published on Sep 22, 2026, 12:14 AM | 2 min read

പൂക്കോട്ടുംപാടം

ഒരുനാടിനെയാകെ കണ്ണീരിലാഴ്‌ത്തി കോട്ടപ്പുഴ കലങ്ങിയൊഴുകുകയാണ്. ഇരച്ചെത്തിയ മലവെള്ളത്തില്‍ അഞ്ച് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഒഴുകിയകന്നത്. ചിലര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സന്തോഷകരമായ സായാഹ്നം ആസ്വദിക്കാൻ പുഴക്കരയിലെത്തിയവരാണ് ആഴങ്ങളില്‍ പതിച്ചത്. ഞായര്‍ വൈകിട്ട് അപകടവിവരം അറിഞ്ഞതുമുതല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മുപ്പതോളംപേരെ ഇവര്‍ സുരക്ഷിതമാക്കി. പിന്നീടാണ് ആറുപേര്‍ ഒഴുക്കില്‍പ്പെട്ട വിവരം ലഭിക്കുന്നത്. നിലമ്പൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കോട്ടക്കല്‍ സ്വദേശി അനസിന്റെയും തിരൂര്‍ പയ്യനങ്ങാടി സ്വദേശി മുഹമ്മദ്‌കുട്ടിയുടെയും മൃതദേഹം രാത്രിതന്നെ ലഭിച്ചു. ശക്തമായ മഴയും ഇരുട്ടും പ്രതികൂലമായതോടെ തിരച്ചിൽ രാത്രി 9.30ന് അവസാനിപ്പിച്ചു. തിങ്കൾ പുലര്‍ച്ചെ വീണ്ടും ആരംഭിച്ചു. രാവിലെ കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജാദ്, വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കറുപ്പത്ത് റഫീഖ് എന്നിവരുടെ മൃതദേഹം ലഭിച്ചു. പൊട്ടിക്കല്ല് മുട്ടിക്കുണ്ടില്‍നിന്നും ആന്റണിക്കാട്‌ അസംപ്‌ഷൻ സ്കൂളിന് പിൻവശത്തുനിന്നുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടി കെ കോളനി സ്വദേശി സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്. പുഴയിൽ തുണി അലക്കാൻ ഇറങ്ങിയതായിരുന്നു സജിത. അപകടസ്ഥലം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍, ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്ത്, ബി മുഹമ്മദ് റസാഖ്, ജില്ലാ കമ്മിറ്റിയംഗം ഇ പത്മാക്ഷന്‍, നിലമ്പൂര്‍ ഏരിയാ സെക്രട്ടറി കെ മോഹനന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി ശിവാത്മജന്‍, പി ബാലകൃഷ്ണന്‍, കെ റഹീം, ലോക്കല്‍ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണന്‍, പി സി നന്ദകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.


മൃതദേഹങ്ങൾ ഖബറടക്കി

അനസിന്റെ മൃതദേഹം എടരിക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബാപ്പ: ഹമീദ്. ഉമ്മ: പാത്തുമോൾ. ഭാര്യ: ഫാത്തിമ ഷെറിൻ. മുഹമ്മദ്കുട്ടിയുടെ മൃതദേഹം കോട്ട് ജുമാമസ്ജിദില്‍ ഖബറടക്കി. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ (ദോഹ), ഇല്യാസ് (ദുബായ്), ഷാഹിറ, ആയിഷ, ഫാത്തിമ, നൂറ. മരുമക്കൾ: താഹിറ, ജൗഹറ, ഷാഫി, സലാം, ഹബീബ്, ഷെബിൻ. കാളികാവ് – തിരൂർ റൂട്ടിലോടുന്ന "ആര്‍ടിസി' ബസിലെ കണ്ടക്ടറാണ് റഹീം. മൃതദേഹം തരിശ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബാപ്പ: ഹൈദ്രു. ഉമ്മ: റംലത്ത്. സഹോദരങ്ങൾ: നജ്മ, നജ്‌ല, ഷിബോഷ് ഖാൻ. വണ്ടൂരില്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ് റഫീഖ്. മൃതദേഹം വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബാപ്പ: മൊയ്തീൻകുട്ടി. ഉമ്മ: ആയിഷ. ഭാര്യ: ഷീബ ജാസ്മിൻ. മക്കൾ: മിൻഹ, റിഫ, മുഹമ്മദ് ഹാദി. സഹോദരങ്ങൾ: ലുബ്ന,റുബീന, റാഷിദ. സജാദിന്റെ മൃതദേഹം കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബാപ്പ: ഷാജി. ഉമ്മ: സജ്ന. സഹോദരങ്ങള്‍: സഫ ഫാത്തിമ, സന ഫാത്തിമ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home