ഭരണം മാറിയത് വന്യമൃഗങ്ങളെ ഒന്ന് അറിയിക്കാമോ സാർ...

രണ്ടാഴ്ച മുമ്പ് പുലിയുടെ ആക്രമണത്തിൽ പശു ചത്തനിലയിൽ. തൊട്ടടുത്തായി തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയും കാണാം
സ്വന്തം ലേഖകൻ
പാലപ്പിള്ളി
കാട്ടാനയുടെ ആക്രമണം ഉണ്ടായപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കേരളത്തിന്റെ വനം വകുപ്പ് മന്ത്രിയുടെ മറുപടി ‘ഭരണം മാറിയ വിവരം മൃഗങ്ങൾക്കറിയില്ലലോ’ എന്നായിരുന്നു. പ്രതിപക്ഷത്തുള്ളപ്പോൾ മലയോര മേഖലയിലെ ജനങ്ങളെ കബളിപ്പിക്കാൻ വന്യജീവി ആക്രമണങ്ങൾക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിച്ച് മലയോര ജാഥ നടത്തി. കേന്ദ്രത്തെ ഒരു വരിപോലും പരാമർശിക്കാതെ തികച്ചും രാഷ്ട്രീയം കളിച്ചവർ ഇന്ന് ഭരണത്തിൽ ഇരിക്കുമ്പോൾ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ പദ്ധതികൾ ഒന്നുമില്ലെന്ന് മാത്രമല്ല, തുടർച്ചയായി വന്യജീവി ആക്രമണങ്ങൾ നടക്കുമ്പോൾ ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല. വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി മേഖലയിൽ കുറച്ച് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണിത്. സംസ്ഥാന സർക്കാരിന്റെ അതേ വഴിയാണ് വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതരും പിന്തുടരുന്നത്. പാലപ്പിള്ളി മേഖലയിൽ നാലു മാസത്തിനിടെ പത്തോളം പശുക്കളും അത്ര തന്നെ നായകളുമാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. ജനവാസ മേഖലയിലും കന്നാറ്റുപാടം സ്കൂളിന് മുന്നിൽ വരെയും പുലിയെത്തിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ചക്കിപ്പറമ്പ് ഉന്നതിയിൽ പുലിയെ പിടിക്കാനുള്ള ഒരു കൂടും കുറച്ച് കാമറകളും മാസങ്ങൾക്ക് മുന്പ് സ്ഥാപിച്ചതല്ലാതെ മറ്റൊന്നും വനം വകുപ്പും ചെയ്യുന്നില്ല. ആളനക്കമില്ലാത്ത പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൂട് സ്ഥാപിക്കുന്നതാണ് പുലിയെ പിടിക്കാൻ കൂടുതൽ എളുപ്പമെന്നും വ്യാപകമായി കാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിക്കണമെന്നും പുലി ആക്രമണം നിരന്തരമുള്ള കുണ്ടായി പ്രദേശത്തെ പഞ്ചായത്ത് അംഗം എം എസ് സിനീഷ് പറഞ്ഞു.










0 comments