ഗവ. നഴ്സിങ് കോളേജ്
ഭൂമിയും കെട്ടിടവും വാങ്ങാനുള്ള തുക അംഗീകരിച്ച് ഉത്തരവ്

പത്തനംതിട്ട
പത്തനംതിട്ട ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കുന്നതിനായി മുസ്‌ലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിടവും വാങ്ങാൻ അനുമതി. സംസ്ഥാനതല പർച്ചെയ്‌സ് കമ്മിറ്റി അംഗീകരിച്ച തുകയായ 7,37,00,000 (ഏഴ് കോടി 37 ലക്ഷം രൂപ) രൂപയ്‌ക്ക് നെഗോഷ്യേറ്റഡ് പർച്ചേസ് പ്രകാരം ഏറ്റെടുക്കാനാണ് റവന്യൂവകുപ്പിന്റെ അനുമതി. കോളേജിന് ആവശ്യമായ കെട്ടിടവും സ്ഥലവും ഏറ്റെടുക്കാൻ വീണാ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്‌ലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഭൂമി കണ്ടെത്തിയത്. കോഴഞ്ചേരി താലൂക്കിൽപെട്ട 1.02 ഏക്കർ ഭൂമിയും 2855.77 സ്ക്വയർ മീറ്റർ വിസ്തൃതിയുമുള്ള കെട്ടിടവുമാണ് കോളേജിനായി കണ്ടെത്തിയത്. ഒരു ആർ ഭൂമിക്ക് (2.47 സെന്റ്) 2,12,049 രൂപയും കെട്ടിടങ്ങൾക്ക് 6,58,16,352 രൂപയുമാണ് ജില്ലാതല പർച്ചെയ്‌സ് കമ്മിറ്റി അംഗീകരിച്ചത്. നിലവിൽ പത്തനംതിട്ട –ഓമല്ലൂർ റോഡിൽ കാതോലിക്കറ്റ് കോളേജിന് സമീപമാണ് ഗവ. നഴ്സിങ് കോളേജ് പ്രവർത്തിക്കുന്നത്.
ഭൂവുടമകളുമായി നിർദിഷ്ട മാതൃകയിൽ വിൽപ്പന കരാർ തയാറാക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പിന്റെയോ അതോറിറ്റിയുടെയോ അധികാരപ്പെടുത്തിയ പ്രതിനിധിയെയും കലക്ടറിനെയും ചുമതലപ്പെടുത്തിയതായും റവന്യൂവകുപ്പ് ഉത്തരവിലുണ്ട്. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം, തീരദേശ നിയന്ത്രണ നിയമം, പരിസ്ഥിതി നിയമം എന്നിവയെല്ലാം പരിശോധിച്ചുവേണം നടപടിയെന്നും ഉത്തരവിലുണ്ട്.










0 comments