ad
Deshabhimani

എന്‍ജിഒ യൂണിയന്‍ ജില്ലാ കലോത്സവം

പെരിന്തല്‍മണ്ണ ഏരിയയ്ക്ക് ഓവറോള്‍ കിരീടം

a
വെബ് ഡെസ്ക്

Published on Sep 22, 2026, 12:05 AM | 2 min read

മലപ്പുറം

എന്‍ജിഒ യൂണിയന്‍ കലാ–കായിക–സാംസ്കാരിക സമിതി "ജ്വാല' നേതൃത്വത്തില്‍ സംഘടിപ്പിച്ച "സര്‍ഗോത്സവ് –2026' ജില്ലാ കലോത്സവത്തില്‍ പെരിന്തല്‍മണ്ണ ഏരിയ ജേതാക്കളായി. മലപ്പുറം ഗവ. കോളേജില്‍ നടന്ന പരിപാടിയില്‍ 113.6 പോയിന്റോടെയാണ് കിരീടം ചൂടിയത്. 33 പോയിന്റോടെ നിലമ്പൂര്‍ ഏരിയ രണ്ടാംസ്ഥാനവും 28.4 പോയിന്റോടെ മഞ്ചേരി ഏരിയ മൂന്നാംസ്ഥാനവും സ്വന്തമാക്കി. കലോത്സവം പിന്നണി ഗായകന്‍ വിമോജ് മോഹൻ ഉദ്ഘാടനംചെയ്തു‌. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി വേണുഗോപാൽ, വി പി സിനി എന്നിവര്‍ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും ജ്വാല കൺവീനര്‍ കെ ഉമേഷ് നന്ദിയും പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരന്‍ അധ്യക്ഷനായി. എഴ് വേദികളിലായി 29 മത്സര ഇനങ്ങളില്‍ മുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. ഒക്‌ടോബര്‍ രണ്ടിന് തൃശൂരിലാണ് സംസ്ഥാന കലോത്സവം.


വൈകിത്തുടങ്ങി, 
ഉയരങ്ങളിലേക്ക്

മലപ്പുറം

ചെറുപ്പംമുതല്‍ വയലിന്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു കൊല്ലം കുളത്തൂര്‍പ്പുഴ സ്വദേശിനി എ സൂര്യയ്ക്ക്. പലകാരണങ്ങളാല്‍ അത് നടക്കാതെ പോയി. സ്കൂള്‍, കോളേജ് കലോത്സവങ്ങളിലെല്ലാം സഹപാഠികള്‍ വേദിയില്‍ പ്രകടനം നടത്തുമ്പോള്‍ സദസ്സിലിരുന്ന് കൈയടിച്ചിട്ടുണ്ട്. ഒരിക്കല്‍ താനും ഇതുപോലെ വേദി കീഴടക്കുമെന്ന ചിന്തയായിരുന്നു അന്നെല്ലാം. മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി കിട്ടിയതോടെയാണ് ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സാധിച്ചത്. മഞ്ചേരി. ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യയായിരിക്കെ വയലിന്‍ പഠിച്ചു. ചിട്ടയായ പരിശീലനം നടത്തി. ഇപ്പോള്‍ വേദികളോരോന്നായി കീഴടക്കുകയാണ്. എന്‍ജിഒ യൂണിയന്‍ ജില്ലാ കലോത്സവത്തില്‍ വെസ്റ്റേണ്‍ വയലിന്‍ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവര്‍ഷവും സൂര്യ ജില്ലയില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


മാറ്റൊട്ടും കുറയാതെ സിജു

മലപ്പുറം

ഉകരണസംഗീതത്തില്‍ മാറ്റൊട്ടും കുറയാതെ കത്തിക്കയറുകയാണ് കെ ടി സിജു. കണ്ണമംഗലം പഞ്ചായത്തില്‍ ക്ലര്‍ക്കായി ജോലിനോക്കുമ്പോഴും ഉള്ളിലെ കലാവാസന കെട്ടുപോയിട്ടില്ല. ഇത്തവണയും എന്‍ജിഒ യൂണിയന്‍ ജില്ലാ കലോത്സവത്തില്‍ ഇരട്ടനേട്ടമാണ് സ്വന്തമാക്കിയത്. തിരൂരങ്ങാടി ഏരിയയ്ക്കുവേണ്ടി ഓടക്കുഴലിലും തബലയിലും ഒന്നാംസ്ഥാനം നേടി. 2022, 2024 വര്‍ഷങ്ങളിലും ഈ ഇനങ്ങളില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. 2023ല്‍ തബലയിലും ജില്ലയെ പ്രതിനിധീകരിച്ചു. പ്രശസ്ത കാഥികനായ പരേതനായ അരിയല്ലൂര്‍ സുകുമാരനാണ് അച്ഛന്‍. അദ്ദേഹത്തില്‍നിന്നാണ് ഉപകരണസംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. സംഗീത സംവിധായകന്‍ സിബു സുകുമാരന്‍ അനുജനാണ്. താനൂര്‍ കെ പുരം സ്വദേശിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home