ജോസഫിന് നാട് വിടയേകി സംഗീതയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

ജോസഫിന്റെ മൃതദേഹം പള്ളിയിൽ പൊതുദർശനത്തിനുവച്ചപ്പോൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട മക്കളായ ജിമ്മിയും ഡെന്നിസും
ഇൗരാറ്റുപേട്ട പൂഞ്ഞാര്‍ തെക്കേക്കരയിൽ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച ചേലകാട്ട് ജോസഫിന്റെ സംസ്‌കാരം പെരിങ്ങുളം തിരുഹൃദയ പള്ളിയില്‍ നടത്തി. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി സംഗീത അരുള്‍ലാലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. പാലാ ജനറല്‍ ആശുപത്രിയില്‍ ആര്‍ഡിഒ ഷാഹിന രാമകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. സംഗീതയുടെ ഭര്‍ത്താവ് വെങ്കിടേഷും സുഹൃത്തുക്കളുമാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. കുമളി ചെക്പോസ്റ്റില്‍ കമ്പം തഹസില്‍ദാര്‍ മൃതദേഹം ഏറ്റുവാങ്ങി. ഞായറാഴ്ച രാത്രി വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് ജോസഫ് മരിച്ചത്. ഈരാറ്റുപേട്ട-– വാഗമണ്‍ റോഡില്‍ വേലത്തുശേരിക്കു സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് സംഗീത മണ്ണിടിച്ചിലില്‍പ്പെട്ടത്. വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണപ്പോൾ ജോസഫിന്റെ മക്കളായ ജിമ്മിയും ഡെന്നീസും മണ്ണിനടിയിൽ പെട്ടിരുന്നു. കഴുത്തൊപ്പം ചെളിയിൽനിന്ന് ഇവരുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിയെത്തിയത്. മണ്ണ് മാന്തി മക്കളെ പുറത്തെടുത്തിട്ടും ജോസഫിനെ കണ്ടെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.










0 comments