മത്സ്യബന്ധന ഹാർബറുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം

അനൂപ് ഷാഹുൽ
Published on Jul 30, 2026, 12:48 AM | 1 min read
ചവറ
ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ജില്ലയിലെ പ്രധാന തുറമുഖ കേന്ദ്രമായ നീണ്ടകര, ശക്തികുളങ്ങര ഫിഷിങ് ഹാർബറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹാർബർ ശുചീകരണത്തിന് സംവിധാനം ഒരുക്കുക, ഓടകൾ ശുചീകരിക്കുക, ആവശ്യത്തിന് കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുക, ജോലി കഴിഞ്ഞശേഷം തൊഴിലാളികൾക്ക് കൈകാലുകൾ കഴുകുന്നതിനുള്ള സംവിധാനം ഒരുക്കുക, ശുചിമുറികൾ നവീകരിക്കുക, കൂടുതൽ ശുചിമുറികൾ നിർമിക്കുക, നീണ്ടകര ഹാർബറിൽ മണ്ണുവീണ് അടഞ്ഞുകിടക്കുന്ന ഭാഗങ്ങളിൽ ഡ്രഡ്‌ജിങ് നടത്തുക, നീണ്ടകരയിൽ ഉദ്ഘാടനം കഴിഞ്ഞ കടമുറികൾ അവകാശികൾക്ക് കൈമാറുക, ശക്തികുളങ്ങരയിൽ വളം വണ്ടികൾ മീൻ കച്ചവടത്തിനു തടസ്സമാകാത്ത രീതിയിൽ ക്രമീകരിക്കുക, കച്ചവടം പുലർച്ചെ നാലുമുതൽ ആക്കുക, ഇരുചക്ര വാഹനങ്ങളിൽ മീൻ കയറ്റി ഉപജീവനം നടത്തുന്ന തൊഴിലാളികളിൽ നിന്നിടാക്കുന്ന അമിത ടോൾ നിർത്തലാക്കുക, ലേബർ പാസുകൾ തൊഴിലാളി സംഘടനകൾ നിർദേശിക്കുന്നവർക്ക് പുതുക്കി നൽകിക്കൊണ്ടിരിക്കുന്ന നടപടി തുടരുക, തൊഴിലാളി സംഘടനാ നേതൃത്വവുമായി എല്ലാ മാസങ്ങളിലും ദൈനംദിന പ്രവർത്തനങ്ങൾ പരിശോധനകൾക്കായി വിധേയമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. നീണ്ടകര ഫിഷിങ് ഹാർബറിലെ സിഐടിയു തൊഴിലാളികൾ ശക്തികുളങ്ങരയിലെ ഹാർബർ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹാർബറുകളുടെ വികസന കാര്യങ്ങളിൽ കാര്യമായി ഇടപെടലുകളാണ് നടത്തിയത്. എന്നാൽ, യുഡിഎഫ് സർക്കാർ അലഭാവം കാട്ടുകയാണെന്ന് തൊഴിലാളികൾ പറയുന്നു.










0 comments