print edition പശ്ചിമേഷ്യയിൽ സംഘർഷം പടരുന്നു: ഇറാഖിൽ യുഎസ്- സൗദി വ്യോമാക്രമണം; ജോർദാനിൽ തിരിച്ചടിച്ച് ഇറാൻ

ബാഗദ്‌ദാദ്/ തെഹ്‌റാൻ: ഇറാഖിലെ ഇറാൻ അനുകൂല വിഭാഗത്തിനു നേരെ യുഎസും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
യുഎസ് സെൻട്രൽ കമാൻഡും സൗദി അറേബ്യയും ചേർന്നാണ് ഇറാഖിൽ വ്യോമാക്രമണം നടത്തിയത്. 20 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആത്മാഭിമാനം സംരക്ഷിക്കാനുള്ള തിരിച്ചടിയാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു. ആദ്യമായാണ് യുഎസുമായി ചേർന്ന് സൗദി ആക്രമണം നടത്തുന്നത്.
ജോർദാനിലെ മുവഫാഖ് സാൽതിയിലെ യുഎസ് താവളത്തിനും സെൻട്രൽ കമാൻഡ് ആസ്ഥാനത്തിനും നേരെയായിരുന്നു ഇറാന്റെ തിരിച്ചടി. ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ ഇറാൻ തടഞ്ഞു. ഹോർമുസ് സംബന്ധിച്ച് ഒമാൻ മുന്നോട്ടുവെച്ച സംയുക്ത മേൽനോട്ട നിർദേശം ഇറാൻ തള്ളി.
ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ പകർച്ചവ്യാധിയാണെന്നും അവർക്കെതിരെ കൂടുതൽ സൈനിക നടപടികൾ ആലോചിക്കുന്നുണ്ടെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് യുഎസ്-, സൗദി ആക്രമണമെന്ന് ഇറാൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. അതേസമയം സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ ജിസിസിയും കുവൈത്തും ശക്തമായി അപലപിച്ചു.










0 comments