മലയോരം പുഴ ഉത്സവത്തിലേക്ക്

കയാക്കിങ് താരങ്ങൾ പരിശീലനത്തിൽ
പി ചന്ദ്രബാബു
Published on Jul 30, 2026, 01:41 AM | 1 min read
മുക്കം
കുത്തിയൊഴുകുന്ന പുഴയിൽ ആവേശത്തുഴയെറിഞ്ഞ് ജലസാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി 12ാമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വ്യാഴം വൈകിട്ട് കോടഞ്ചേരി പുലിക്കയത്ത് തുടക്കമാകും. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ നാലുനാൾ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക്കർമാർ തുഴയെറിയും. മൺസൂൺ ടൂറിസം ഇനമായ ഫെസ്റ്റിവലിനെ വരവേൽക്കുന്നതിന്റെ ഉത്സവ ലഹരിയിലാണ് മലയോരം.
വ്യാഴാഴ്‌ച ചാലിപ്പുഴയിൽ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ കയാക്കിങ് ടീമിനെ തെരഞ്ഞെടുക്കാനുള്ള നാഷണൽ റാങ്കിങ് മത്സരം നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കയാക്കർമാർ പങ്കെടുക്കും. വൈകിട്ട് വിളംബര ജാഥയുണ്ടാകും. മന്ത്രി ടി സിദ്ദിഖ് ഫ്ലാഗ് ഓഫ് ചെയ്യും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കയാക്കിങ് മത്സരങ്ങൾ കോടഞ്ചേരി പുലിക്കയത്തും തിരുവമ്പാടി പുല്ലൂരാംപാറയിലും നടക്കുക. വെള്ളി രാവിലെ സി കെ കാസിം എംഎൽഎ ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്യും. ഒളിമ്പിക് മത്സരയിനങ്ങളായ പുരുഷ–-വനിത സ്ലാലം, എക്സ്‌ട്രീം സ്ലാലം എന്നിവ ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ്, സൂപ്പർ ഫൈനൽ എന്നിവ ഇരുവഴിഞ്ഞിയിലും നടത്തും. ഞായർ പുല്ലൂരാംപാറ ഇലന്തുകടവിൽ സമാപന ചടങ്ങ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനംചെയ്യും. റാപ്പിഡ് രാജ, റാപിഡ് റാണി പട്ടങ്ങളും വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി നൽകും.
പ്രധാന കേന്ദ്രമായ കോടഞ്ചേരി പുലിക്കയത്ത് കലക്ടറും എംഎൽഎയും സ്ഥലത്തെത്തി ഒരുക്കം വിലയിരുത്തി. ന്യൂസിലാൻഡ്, ഇറ്റലി, റഷ്യ, മലേഷ്യ, നേപ്പാൾ, ചെക്ക് റിപ്പബ്ലിക് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽനിന്നുള്ള താരങ്ങളും നൂറി-ലധികം ദേശീയ കയാക്കർമാരും ചാമ്പ്യൻഷിപ്പിൽ തുഴയെറിയും. കഴിഞ്ഞ വർഷത്തെ "റാപ്പിഡ് രാജ’ പട്ടം നേടിയ ന്യൂസിലൻഡ് കയാക്കർ റയാൻ ഒക്കോണർ, ന്യൂസിലൻഡിന്റെ യുവതാരം ബോഡിയും ഉൾപ്പെടെ വിദേശ താരങ്ങൾ എത്തി പരിശീലനം തുടങ്ങി. കൂടുതൽ വിദേശ താരങ്ങൾ വ്യാഴാഴ്‌ച എത്തുമെന്ന് കോ–ഓർഡിനേറ്റർ പോൾസൺ അറയ്ക്കൽ പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.










0 comments