സൗജന്യ റേഷനും മുടക്കി
മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് സർക്കാർ

പി ആർ ദീപ്തി
Published on Jul 30, 2026, 12:49 AM | 1 min read
കൊല്ലം
പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്കുള്ള റേഷനരി പോലും നൽകാതെ യുഡിഎഫ് സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി വിതരണംചെയ്തിരുന്ന റേഷനാണ് സർക്കാരിന്റെ അലംഭാവത്തിൽ മുടങ്ങിയത്. ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെയാണ് സൗജന്യ റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക റേഷൻകടകൾക്ക് ലഭിച്ചത്. റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക സിവിൽ സപ്ലൈസിന് നൽകുന്നതിൽ ഫിഷറീസ് വകുപ്പ് കാലതാമസം വരുത്തിയതാണ് റേഷൻ മുടങ്ങാൻ കാരണം. പത്തു വർഷമായി എൽഡിഎഫ് സർക്കാർ ജൂൺ പത്തിനകം പട്ടിക കൈമാറി ഉടൻതന്നെ വിതരണം ആരംഭിച്ചിരുന്നിടത്താണ് യുഡിഎഫ് സർക്കാരിന്റെ അനാസ്ഥ. മത്സ്യത്തൊഴിലാളികളും മത്സ്യഅനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉൾപ്പെടെ ഒന്പത് സംസ്ഥാനത്ത് 5222 കുടുംബങ്ങൾക്കാണ് ജൂൺ, ജൂലൈ മാസങ്ങളിൽ സൗജന്യ റേഷൻ നൽകേണ്ടിയിരുന്നത്. വെള്ള, നീല കാർഡുടമകളായ ഇവർക്ക് 52കിലോ അരി വീതമാണ് വിതരണം ചെയ്യേണ്ടത്. കൊല്ലം താലൂക്കിൽ 4979 കാർഡ് ഉടമകളാണ് പദ്ധതിക്ക് അർഹർ. ജൂൺ ഒന്പതു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. ഇൗ സമയം തൊഴിൽ നഷ്ടമാകുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിങ് ഷെഡുകളിലെ തൊഴിലാളികൾ അടക്കമുള്ള അനുബന്ധതൊഴിലാളികൾ എന്നിവർക്ക് ആശ്വാസമേകാൻ എല്ലാവർഷവും നടപ്പിലാക്കുന്ന പദ്ധതിയിലാണ് വീഴ്‌ച.










0 comments