print edition ബോക്സിങ്ങിൽ 9 മെഡലുറപ്പിച്ച് ഇന്ത്യ

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബോക്--സിങ്ങിൽ ബോട്‌സ്വാനയുടെ ട്രഷർ മൊറിമിയെക്കെതിരെ ഇന്ത്യയുടെ സച്ചിൻ സിവാച്ചിന്റെ (വലത്ത്) പഞ്ച്
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ ഇന്ത്യയുടെ മെഡൽ വേട്ട. ഇരുവിഭാഗത്തിലുമായി ഒമ്പത് ബോക്‌സർമാർ സെമിയിലെത്തി വെങ്കലം ഉറപ്പാക്കി. വെള്ളിയാഴ്‌ചയാണ് സെമിഫൈനൽ. 14 താരങ്ങളാണ് ഇന്ത്യക്കായി ഇടിക്കൂട്ടിലിറങ്ങിയത്. ഏഴ് വീതം വനിതകളും പുരുഷന്മാരും.
വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്‌ലിന ബൊർഗോഹെയ്‌ൻ വാക്കോവറിലൂടെ സെമിയിൽ കടന്ന് നേരത്തെ മെഡൽ ഉറപ്പാക്കിയിരുന്നു. ദ്വീപ് രാജ്യമായ തുവളുവിന്റെ തരോന ഖാനും ആണ് അടുത്ത എതിരാളി. 54 കിലോ വിഭാഗം ക്വാർട്ടറിൽ പ്രീതി പവാർ വടക്കൻ അയർലൻഡിന്റെ നികോൾ ക്ലൈഡിനെ തോൽപ്പിച്ചു.
സാംബിയയുടെ കാതറിൻ എംവാപെയെ തോൽപ്പിച്ചാൽ ഫൈനലിലെത്താം. പ്രിയ ഗംഗാസ് 60 കിലോയിൽ സ്‌കോട്‌ലൻഡിന്റെ നിയാം മിച്ചെലിനെ കീഴടക്കി. സെമിയിൽ ഇംഗ്ലണ്ടിന്റെ ലൂസി കിങ്സിനെ നേരിടും. 51 കിലോയിൽ സാക്ഷി ചൗധരിയുടെ വിജയം വടക്കൻ അയർലൻഡിന്റെ കാതലിൻ ഫ്രയേഴ്‌സിനെതിരെയാണ്.
സെമിയിൽ കാനഡയുടെ ആംബർ ജാനി വാളാണ് എതിരാളി. അരുന്ധതി ചൗധരി 70 കിലോ ക്വാർട്ടറിൽ ന്യൂസിലൻഡിന്റെ മോർഗൻ ഹെൻഡേഴ്‌സണെ കീഴടക്കി. നിലവിലെ ചാമ്പ്യൻ വെയ്‌ൽസിന്റെ റോസി എക്കലസിനെയാണ് നേരിടാനുള്ളത്. ക്വാർട്ടറിലെത്തിയ പ്രവീൺ ഹൂഡ(65 കിലോ) തോറ്റ് പുറത്തായി.
പുരുഷന്മാരുടെ 55 കിലോയിൽ ജാദുമണി സാംബിയയുടെ എമവെംഗൊ എംവാലെയെ പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ചു. അടുത്ത റൗണ്ടിൽ നമീബിയയുടെ ഫിലിപ്പ് പുമലൊയെ തോൽപ്പിച്ചാൽ ഫൈനലിലെത്താം. 60 കിലോയിൽ ലോക അഞ്ചാംറാങ്കുകാരനായ സച്ചിൻ സിവാച് ബോട്‌സ്വാനയുടെ ട്രഷർ മൊറിമിയെ പരാജയപ്പെടുത്തി.
വെയ്‌ൽസിന്റെ ഒവെയ്‌ൻ ഹാരിസാണ് അടുത്ത എതിരാളി. 80 കിലോ വിഭാഗത്തിൽ അങ്കുഷ് യാദവ് ജഡി മികോകിനെ കീഴടക്കി സെമിയിലെത്തി. കാനഡയുടെ ജോഷ്വ ഒഫോരിയോടാണ് സെമിയിൽ ഏറ്റുമുട്ടാനുള്ളത്. 90 കിലോയുടെ മുകളിലുള്ളവർക്കായുള്ള മത്സരത്തിൽ നരേന്ദർ ബെർവാൾ സമോവയുടെ മൈക്കൽ സെക്കോയെ മറികടന്നു. 2022 ഗെയിംസിൽ ഇന്ത്യക്ക് മൂന്ന് സ്വർണമടക്കം ഏഴ് മെഡലായിരുന്നു.










0 comments