ad
Deshabhimani

പണിയായുധം പിടിച്ച കൈകളില്‍ പുസ്തകത്തിളക്കം; ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അഡ്‌മിഷൻ നേടി വിപിൻ

Vipin TISS.JPG
avatar
എം സനോജ്

Published on Sep 13, 2026, 07:52 AM | 1 min read

നിലമ്പൂർ: ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ അമ്മയെ നഷ്ടപ്പെട്ടു. പിന്നാലെ അച്ഛനും ഉപേക്ഷിച്ചു. പഠനം പാതിവഴിയിൽ മുടങ്ങി കൂലിപ്പണിയിലേക്ക് തിരിഞ്ഞു. ജീവിതം പലതവണ പിന്നോട്ടടിച്ചപ്പോഴും പഠിക്കാനുള്ള ആഗ്രഹം മുറുകെപ്പിടിച്ച് മുന്നേറിയ കരുളായി കൊട്ടുപാറ ഉന്നതിയിലെ വിപിന്‌ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിഐഎസ്എസ്) ഉപരിപഠനം. മഹാരാഷ്ട്രയിലെ തുള്‍ജാപുർ ക്യാമ്പസിലാണ്‌ ബിരുദപഠനത്തിന് അർഹത നേടിയത്‌. സോഷ്യല്‍ വര്‍ക്കിലാണ് അഡ്മിഷന്‍ ലഭിച്ചത്‌. മലപ്പുറം ജില്ലയിൽമാത്രം കാണുന്ന അരനാടൻ ആദിവാസി വിഭാഗത്തിലെ ആകെ 260 പേരിൽ ഒരാളാണ് വിപിൻ.


വിപിന്‍ മൂത്തസഹോദരങ്ങളായ വിനീത, വിഷ്ണു എന്നിവരെ അമ്മയുടെ ചേച്ചി ലക്ഷ്മി കൂലിപ്പണിയെടുത്താണ് വളര്‍ത്തിയത്. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നിലമ്പൂർ ബിആർസി ഷെൽട്ടർ ഹോമിൽ താമസിച്ച്‌ പഠിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി പഠനം നിലമ്പൂർ ചക്കാലക്കുത്ത് എൻഎസ്എസ്‌ ഹൈസ്കൂളിൽ. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതോടെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. റബർ ടാപ്പിങ്ങും കൽപ്പണിയും ഉൾപ്പെടെ ജോലി ചെയ്‌തു.


ഇ‍ൗ സമയത്താണ്‌ ഷെൽട്ടർ ഹോമിലെ വാർഡനായ സുരേഷ് ബാബു വിപിന്റെ താൽപ്പര്യം തിരിച്ചറിഞ്ഞ് വീണ്ടും പഠനത്തിലേക്ക് കൈപിടിച്ചത്. പഠനം നിലച്ച കുട്ടികളെ സഹായിക്കുന്ന മാവേലിക്കര ലോകുത്തര ലീഡർഷിപ്പ് അക്കാദമിയിൽ ചേർത്തു. അവിടെനിന്ന് പ്ലസ് ടു പൂർത്തിയാക്കി. നാഗ്പുരിലെ നാഗാർജുന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബുദ്ധിസവും അംബേദ്കർ ചിന്തകളും എന്ന വിഷയത്തിൽ ഒരുവർഷത്തെ ഡിപ്ലോമ നേടി. നാഗ്പുരിലെ ഏകലവ്യ ഫൗണ്ടേഷൻ അക്കാദമിയിൽ പരിശീലനവും പൂർത്തിയാക്കി. പിന്നീട് കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സോഷ്യൽ വർക്കിൽ ബിരുദപഠനത്തിന് പ്രവേശം നേടി. ​കാലടിയിൽ പഠിക്കുന്നതിനിടെയാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി വിജയിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home