പദ്മ നദിയിൽ ബോട്ട് മറിഞ്ഞു; ശിശു ഉൾപ്പെടെ 10 ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് രക്ഷപ്പെടുത്തി

ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ച് ജില്ലയിൽ നിന്നുള്ള യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പദ്മ നദിയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഒരു ശിശു ഉൾപ്പെടെ 10 ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് രക്ഷപ്പെടുത്തി.
ശക്തമായ തിരമാലകളും നദിയിലെ ശക്തമായ ഒഴുക്കുമാണ് ബോട്ട് മറിഞ്ഞതിന് കാരണമായത്. ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ച് ജില്ലയിൽ നിന്നുള്ള യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതോടെ ശക്തമായ ഒഴുക്കിൽപ്പെട്ട ഇവർ നീന്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
സംഘത്തെ കണ്ടെത്തിയതിനെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ലാൽഗോളയിലെ താരാനഗർ മേഖലയിൽ നിന്ന് സ്പീഡ് ബോട്ട് എത്തിച്ചാണ് 10 പേരെയും സുരക്ഷിതമായി കരയിലെത്തിച്ചത്.
തുടർന്ന് എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആരോഗ്യപരിശോധനയും പ്രാഥമിക ചികിത്സയും നൽകി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ ബിഎസ്എഫ് ബംഗ്ലാദേശ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചു.









0 comments