പവർ കട്ടിൽ പഴി ഉദ്യോഗസ്ഥർക്ക്: മുഖ്യമന്ത്രിയുടെ ആരോപണം ജീവനക്കാരുടെ ആത്മവീര്യം തകർക്കും, പ്രതിഷേധം

തിരുവനന്തപുരം: ലോഡ്‌ഷെഡ്‌ഡിങിൽ ജനം നട്ടംതിരിയുമ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥരെ പഴിചാരുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധമുയരുന്നു. വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയാണ് വേണ്ടതെന്നും വൈദ്യുതി ജീവനക്കാർ മനഃപൂർവം വൈദ്യുതി തടസ്സപ്പെടുത്തുന്നു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമല്ലെന്നും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം പരാമർശങ്ങൾ ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും മാത്രമേ ഉപകരിക്കൂ. വൈദ്യുതി മേഖലയിലെ നിലവിലെ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. പ്രതികൂല സാഹചര്യങ്ങളിലും ഉപഭോക്താക്കൾക്ക് പരമാവധി ഗുണമേന്മയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി രാവും പകലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആത്മവീര്യം ഇത്തരം പരാമർശങ്ങൾ ബാധിക്കാനിടയുണ്ട്. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന പീക്ക് ഡിമാൻഡ്, പ്രസരണ-വിതരണ ശൃംഖലയിലെ പരിമിതികൾ, ഉൽപ്പാദന ലഭ്യത, പുറംവൈദ്യുതി ലഭ്യതയിലെ അനിശ്ചിതത്വം തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണമാകാം. ഇവയെ സമഗ്രമായി വിലയിരുത്തിയാണ് പരിഹാര നടപടികൾ ആവിഷ്കരിക്കേണ്ടത്.
കേരളത്തിന്റെ വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുക, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഉറപ്പാക്കുക, പ്രസരണ-വിതരണ ശൃംഖലയുടെ ശേഷി വർധിപ്പിക്കുക, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നടപടികൾക്ക് അടിയന്തര പ്രാധാന്യം നൽകേണ്ടതുണ്ട്. പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും വൈദ്യുതി മേഖലയെ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുന്നതിനും സർക്കാരും കെഎസ്ഇബി മാനേജ്മെന്റും ജീവനക്കാരുടെ സംഘടനകളും യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. വൈദ്യുതി ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷിയും സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.









0 comments