ad
Deshabhimani

ട്രെയിൻ യാത്രക്കാരുടെ സ്വർണവും പണവും മോഷ്ടിച്ചു; മുൻ പാൻട്രി കോച്ച് ജീവനക്കാരൻ അറസ്റ്റിൽ

train theft
വെബ് ഡെസ്ക്

Published on Sep 13, 2026, 07:10 AM | 1 min read

ബെർഹാംപുർ: ട്രെയിൻ യാത്രക്കാരുടെ സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ മുൻ പാൻട്രി കോച്ച് ജീവനക്കാരനെ ഒഡിഷ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഗഞ്ജാം ജില്ലയിലെ ഭഞ്ജനഗറിന് സമീപം കുലാഡ് സ്വദേശിയായ കൻഹു സാഹു (45) ആണ് അറസ്റ്റിലായത്.


പഴയൊരു മോഷണക്കേസിലെ സിസിടിവി ദൃശ്യങ്ങൾ കൻഹുവിന്റെ ചിത്രവുമായി ഒത്തുനോക്കിയതാണ് കേസിൽ വഴിത്തിരിവായത്. കുറഞ്ഞത് മൂന്ന് ട്രെയിൻ കവർച്ചകളിലെങ്കിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


ആഗസ്ത് 28-ന് ഭുവനേശ്വർ–ബെംഗളൂരു പ്രശാന്തി എക്സ്പ്രസിന്റെ എ1 കോച്ചിൽ ഉറങ്ങിക്കിടന്ന ആന്ധ്ര സ്വദേശിനിയുടെ ബാഗ് അടിച്ചുമാറ്റിയ കേസിലാണ് നിലവിൽ അറസ്റ്റ്.


രാത്രി ജൂനാഗഡ് എക്സ്പ്രസിൽ നിന്ന് ബെർഹാംപുരിൽ ഇറങ്ങിയ കൻഹു, റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും മിന്നൽ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടിച്ചുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് പഴയ മോഷണക്കഥകൾ വെളിച്ചത്തായത്.


വർഷങ്ങൾക്ക് മുൻപ് പ്രശാന്തി എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനായിരുന്നു കൻഹു. ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ബെർഹാംപുർ റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ബഹിനിപതി പറഞ്ഞു.


കഴിഞ്ഞ മാസം ഖുർദ റോഡിലെ മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉടനെയാണ് ഇയാൾ പ്രശാന്തി എക്സ്പ്രസിൽ വീണ്ടും കവർച്ച നടത്തിയത്.


മോഷ്ടിച്ച സ്വർണത്തിൽ ചിലത് ഇളയ സഹോദരൻ മുഖേന വിറ്റഴിച്ചാണ് 4 ലക്ഷം രൂപയാക്കിയത്. യാത്രക്കാരിയുടെ സ്വർണം ഏതാണ്ട് മുഴുവനായി വീണ്ടെടുത്തെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. റെയിൽവേയിൽ കൂടുതൽ മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home