കെഎസ്‌യു നേതാവിനെതിരെ പരാതി നൽകിയ വനിതാ എഎസ്ഐക്ക് സ്ഥലം മാറ്റം

കൊട്ടാരക്കര: പൊലീസ് സ്റ്റേഷനിൽ കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കെഎസ്‌യു നേതാവിനെതിരെ പരാതി നൽകിയ വനിത എഎസ്ഐക്ക് സ്ഥലംമാറ്റം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറിനെതിരെ പരാതി നൽകിയ കൊട്ടാരക്കര സ്‌റ്റേഷനിലെ എഎസ്ഐ ഷൈലജ കുമാരിയെ കടയ്ക്കലിലേക്കാണ് മാറ്റിയത്.
ആരോഗ്യപ്രശ്‌നങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥയെ അന്യായമായി സ്ഥലംമാറ്റിയതിൽ പൊലീസിൽ പ്രതിഷേധം ശക്തമാണ്. നടപടിക്ക് റൂറൽ എസ്‌പി കൂട്ടുനിന്നതായും ആരോപണം ഉയർന്നു. ആഗസ്‌ത് അഞ്ചിനാണ് കെഎസ്‌യു നേതാവ് പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപം വാഹന പരിശോധനയ്‌ക്കിടെ മദ്യപിച്ച് ബൈക്കിലെത്തിയ നെടുമൺകാവ് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. ഇതറിഞ്ഞെത്തിയ അൻവർ സുൽഫിക്കർ യുവാവിനെതിരെ കേസെടുക്കരുതെന്ന് ആവശ്യപ്പട്ടു. കസ്‌റ്റഡിയിലെടുത്ത ബൈക്കും യുവാവിനെയും സ്‌റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടു പോകുമെന്നും പറഞ്ഞ് പൊലീസുകാരോട് കയർത്തുസംസാരിച്ചു.
എസ്എച്ച്ഒ സ്ഥലത്തില്ലെന്നും അദ്ദേഹം പറഞ്ഞാൽ മാത്രമേ ബൈക്കിന്റെ താക്കോൽ നൽകാൻ കഴിയൂ എന്നും എഎസ്ഐ ഷൈലജകുമാരി പറഞ്ഞു. അതിൽ ക്ഷുഭിതനായ അൻവർ സുൽഫിക്കർ അസഭ്യം പറഞ്ഞുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥയുയുടെ നെയിം പ്ലേറ്റിൽനിന്ന് പേര് കുറിച്ചെടുത്തശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം ആളാണെന്നും രണ്ടു ദിവസത്തിനുള്ളിൽ അച്ചൻകോവിലേക്ക് സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിൽ ഷൈലജകുമാരി അൻവറിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.









0 comments