കോഴിക്കോട്... പോരാട്ടങ്ങളുടെ തീരഭൂമി

സിപിഐ എം വിപൂലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായുള്ള ബഹുജന റാലിക്ക് വേദിയാകുന്ന കോഴിക്കോട് ബീച്ചില്‍ ചെങ്കൊടികള്‍ ഉയര്‍ന്നപ്പോള്‍|ഫോട്ടോ: മിഥുൻ അനില മിത്രൻ

പി വി ജീജോ
Published on Sep 13, 2026, 08:22 AM | 2 min read
കോഴിക്കോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ കോഴിക്കോടിന്റെ സ്ഥാനം മറ്റൊരു ദേശത്തിനും അവകാശപ്പെടാനാകില്ല. ചരിത്രത്തിന്റെ ചുവന്ന പുസ്‌തകത്തിലാണ് കോഴിക്കോടിന്റെ പേര് രേഖപ്പെടുത്തുക. അതിലേറ്റവും പ്രധാനം കമ്യൂണിസ്റ്റ് പാർടി പിറന്ന നഗരമാണിതെന്നതാണ്. പാർടിയുടെ ആദ്യ സെൽ ഇൗ നഗരത്തിലെ പച്ചക്കറിക്കടയ്‌ക്ക് മുകളിലായിരുന്നു. പാളയത്ത് പി കൃഷ്‌ണപിള്ള, ഇ എം എസ്, എൻ സി ശേഖർ, കെ ദാമോദരൻ– പുതിയ ദർശനവും വിമോചന സ്വപ്‌നങ്ങളുമായി ഇൗ നാലു വിപ്ലവകാരികളാണ് 1937–ൽ ആദ്യ സെൽ യോഗത്തിൽ പങ്കെടുത്തത്. അന്ന് പാർടി നിരോധിക്കപ്പെട്ട വേളയായതിനാൽ രഹസ്യമായാണ് സെൽ രൂപീകരണയോഗം ചേർന്നത്. പാർടി കേന്ദ്ര കമ്മിറ്റി അംഗം എസ് വി ഘാട്ടേയും പങ്കെടുത്തു. പി കൃഷ്‌ണപിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1939–ൽ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചശേഷം പ്രഥമ സംസ്ഥാന സമ്മേളനം ചേർന്ന ബഹുമതിയും കോഴിക്കോടിനാണ്. 1943 മാർച്ച് 20, 21 തീയതികളിൽ ടൗൺഹാളിലായിരുന്നു സമ്മേളനം.
പാതാളലോകം ആപ്പീസ്
അക്കാലത്ത് ബ്രിട്ടീഷ് ഭീകരതയെ നേരിട്ട് വലിയ ത്യാഗങ്ങൾ സഹിച്ചായിരുന്നു പ്രവർത്തനം. അന്ന് പാർടി നേതാക്കളെ ഒളിവിൽ പാർപ്പിക്കാനും സന്ദേശങ്ങളും രേഖകളും എത്തിക്കാനുമുള്ള ‘ടെക്’ സംവിധാനമുണ്ടായിരുന്നു. ഐ സി പി നന്പൂതിരി, മഞ്ചേരിക്കാരൻ തന്പാൻ (കെ രാവുണ്ണി നായർ), എ കെ ശേഖരൻ, കുഞ്ചുണ്ണി കർത്ത, അപ്പുണ്ണി കർത്ത, പി അപ്പുക്കുട്ടൻ, ആർ പി രാഘവൻ, കെ പി നാണു, പി ഹരിദാസ്, എം പത്മനാഭൻ, മാർക്‌സ കണ്ണൻ (പേരാന്പ്ര), കൊച്ചനുജ പിഷാരടി, പി ശങ്കരവാര്യർ (കോട്ടക്കൽ), എം കണാരൻ എന്നിവരെല്ലാം ‘ടെക്കി’കളായി പ്രവർത്തിച്ചിരുന്നു.
കേരളം പതിനൊന്ന് ഭാഗമായി വിഭജിച്ചായിരുന്നു അന്നത്തെ രഹസ്യ പ്രവർത്തനം. പാതാളലോകം (പിഎൽഒ) ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയായിരുന്നു അവ അറിയപ്പെട്ടത്. മംഗലാപുരമായിരുന്നു പിഎൽഒ ഒന്ന്. ചിറക്കൽ, കോട്ടയം, കുറന്പ്രനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട്, തൃശ്ശിവപേരൂർ (കൊച്ചി), തിരുവിതാംകൂർ എന്നിവയായിരുന്നു മറ്റ് പിഎൽഒകൾ. പാർടി ദർശനം പഠിപ്പിക്കാനുള്ള രഹസ്യ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഒളിസങ്കേതങ്ങൾ സംഘടിപ്പിക്കയായിരുന്നു ആദ്യം ചെയ്‌തത്. പിണറായി പാറപ്രം സമ്മേളനശേഷം ആശയപ്രചാരണത്തിനായി 1940 മാർച്ചിൽ ‘മാർക്‌സിസ്‌റ്റ്’ എന്ന മാസിക പുറത്തിറക്കി. പിന്നീടതിന്റെ പേര് ‘കമ്യൂണിസ്‌റ്റ്’ എന്നാക്കി.
പാർടി വിപ്ലവപ്രസ്ഥാനത്തിന്റെ ആശയപ്രചാരണത്തിന് ഉൗർജസ്രോതസ്സായ ‘പ്രഭാത’വും ‘ദേശാഭിമാനി’യും അച്ചടിമഷി പുരണ്ടതും ഇൗ നഗരത്തിലാണ്. അന്ന് പാർടി സഖാക്കൾ ഒന്നിച്ച് താമസിച്ച സ്ഥലമാണ് കമ്യൂൺ. 1940–44 കാലത്തായിരുന്നു കമ്യൂണിസ്‌റ്റ് പാർടി നേതാക്കളും പ്രവർത്തകരും താമസിച്ച കമ്യൂൺ. ഇന്നത്തെ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിന് പിറകിലായിരുന്നു ആ കമ്യൂൺ ജീവിതം നയിച്ച കെട്ടിടം. പി കൃഷ്‌ണപിള്ള, ഇ എംഎസ് തുടങ്ങിയ നേതാക്കളടക്കം അംഗമായിരുന്നു അന്നത്തെ കമ്യൂണിൽ. ഒരു മേൽപ്പുരയ്‌ക്ക് കീഴിൽ തുല്യതയോടെ അവസരസമത്വം പ്രായോഗികവൽക്കരിച്ചുള്ള കമ്യൂണിസ്‌റ്റ് ജീവിതമായിരുന്നു കമ്യൂണിന്റെ സവിശേഷത. എ വി കുഞ്ഞമ്പു, ടി സി നാരായണൻ നമ്പ്യാർ, എം എസ് ദേവദാസ്, ഐ സി പി നമ്പൂതിരി, തങ്കമ്മ കൃഷ്ണപി ള്ള, പ്രിയദത്ത, ചെനാൽ ലക്ഷ്മിക്കുട്ടിയമ്മ, കെ ദേവയാനി തുടങ്ങിയവർ കോഴിക്കോട് കമ്യൂണിൽ അന്തേവാസികളായിരുന്നു.
ആദ്യസമ്മേളനം
1943 മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ കോഴിക്കോട് ടൗൺഹാളിലായിരുന്നു ഒന്നാം സംസ്ഥാന സമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജനറൽ സെക്രട്ടറി പി സി ജോഷി, പി സുന്ദരയ്യ എന്നിവർക്ക് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വലിയ സ്വീകരണം നൽകി. ചാലപ്പുറത്തെ ഗണപതി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കമ്യൂണിസ്‌റ്റ് പ്രദർശനവും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിൽ 650–ഓളം പ്രതിനിധികൾ പങ്കെടുത്തു.
സിപിഐ എം സമ്മേളനങ്ങൾ
ആശയപരവും നയപരവുമായ വിയോജിപ്പുകളുമായി 1964–ൽ സിപിഐ എം രൂപീകൃതമായപ്പോൾ അതിന് കരുത്തേകാനും ഇൗ നാട് വലിയ സംഭാവനയേകി. രണ്ടുതവണ നഗരം സിപിഐ എം സംസ്ഥാന സമ്മേളനത്തിനും സാക്ഷ്യംവഹിച്ചു. 2012–ൽ സിപിഐ എം പാർടി കോൺഗ്രസിനും കോഴിക്കോട് ആതിഥ്യമരുളി.









0 comments