ad
Deshabhimani

യുഡിഎഫ് സർക്കാരിന്റെ വാഗ്‌ദാനലംഘനം

editorial.
വെബ് ഡെസ്ക്

Published on Jun 16, 2026, 12:00 AM | 2 min read

സ്‌ത്രീകൾക്ക്‌ കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ‍ൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിക്ക്‌ യുഡിഎഫ്‌ സർക്കാർ തുടക്കംകുറിച്ചു. ഇ‍ൗ നടപടി സ്വാഗതാർഹമാണ്‌. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ്‌ യുഡിഎഫ്‌ നൽകിയ വാഗ്‌ദാനവും ഇപ്പോൾ നടപ്പാക്കിയ പദ്ധതിയും തമ്മിലുള്ള അന്തരം വലുതാണ്‌. എല്ലാ കെഎസ്‌ആർടിസി ബസുകളിലും പരിധിയില്ലാതെ സ‍ൗജന്യയാത്ര എന്നതായിരുന്നു വാഗ്‌ദാനം. സ്‌ത്രീകൾക്ക്‌ അന്തർസംസ്ഥാന തീർഥാടനങ്ങളും വിനോദയാത്രകളും ഉൾപ്പെടെ സ‍ൗജന്യമായി നടത്താൻ കഴിയുമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്‌. ജയിച്ചുകഴിഞ്ഞപ്പോൾ ഇതേക്കുറിച്ച്‌ പഠനവും പരിശോധനയും ആവശ്യമാണെന്നു പറയുകയും സാമ്പത്തികബാധ്യതകൾ ചർച്ചയാക്കുകയും ചെയ്‌തശേഷം ഓർഡിനറി ബസുകളിൽമാത്രമായി സ‍ൗജന്യയാത്ര പരിമിതപ്പെടുത്തി. സ‍ൗജന്യയാത്രയെന്ന്‌ സർക്കാർ അവകാശപ്പെടുന്ന ബസുകളുടെ കണക്കിൽ പൊരുത്തക്കേടുണ്ട്‌. ഇതിനിടെ ഒട്ടേറെ സർവീസുകൾ ഓർഡിനറി വിഭാഗത്തിൽനിന്ന്‌ മാറ്റുന്നതായും റിപ്പോർട്ടുകളുണ്ട്‌.


​സ‍ൗജന്യയാത്ര പദ്ധതിവഴി 800 കോടി രൂപ കെഎസ്‌ആർടിസിക്ക്‌ പ്രതിവർഷ ബാധ്യത വരുമെന്നും ഇത്രയും പണം സർക്കാർ നൽകുമെന്നുമാണ്‌ പ്രഖ്യാപനം. അതേസമയം, യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതോടെ സംസ്ഥാനത്ത്‌ സ്‌ത്രീസുരക്ഷാ പെൻഷൻ പദ്ധതി സ്‌തംഭിച്ചിരിക്കുകയാണ്‌. സാമൂഹ്യസുരക്ഷാ പെൻഷൻ സംവിധാനത്തിനുപുറത്തുള്ള നിർധനകുടുംബങ്ങളിലെ 35–60 പ്രായപരിധിയിൽ വരുന്ന സ്‌ത്രീകൾക്കും ട്രാൻസ്‌ വനിതകൾക്കും മാസംതോറും ആയിരം രൂപ നൽകുന്ന പദ്ധതിക്ക്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടത്‌. മാർച്ചുവരെയുള്ള തുക അനുവദിച്ചശേഷമാണ്‌ എൽഡിഎഫ്‌ സർക്കാർ ഒഴിഞ്ഞത്‌.


ഏപ്രിൽ,‍ മെയ്‌ മാസങ്ങളിലെ തുക നൽകാൻ യുഡിഎഫ്‌ സർക്കാർ തയ്യാറാകുന്നില്ല. മാർച്ചിൽ ഗുണഭോക്താക്കളുടെ എണ്ണം 16.24 ലക്ഷമായിരുന്നു. ലക്ഷക്കണക്കിന്‌ പുതിയ അപേക്ഷകളിൽ തീരുമാനമെടുക്കാതെയും യുഡിഎഫ്‌ സർക്കാർ പദ്ധതിക്കെതിരായ നിലപാടിലാണ്‌. 31.34 ലക്ഷംപേർക്ക്‌ ഇ‍ൗ പദ്ധതി പ്രയോജനം ചെയ്യണമെന്ന്‌ എൽഡിഎഫ്‌ സർക്കാർ കണക്കാക്കിയിരുന്നു. ഇതിനായി ബജറ്റിൽ 3720 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. അതായത്‌ 3720 കോടി രൂപയുടെ പെൻഷൻ പദ്ധതി ഇല്ലാതാക്കുന്ന സർക്കാരാണ്‌, 800 കോടി രൂപയുടെ പദ്ധതിയുടെ പേരിൽ കേമത്തം ചമയാൻ ശ്രമിക്കുന്നത്‌.


​നാലിരട്ടിയിൽപ്പരം അടങ്കൽ വരുന്ന പെൻഷൻ പദ്ധതി ഇല്ലാതാക്കി പരിമിതമായ തോതിൽ ഗുണഭോക്താക്കൾ വരുന്ന സ‍ൗജന്യയാത്ര പദ്ധതി നടപ്പാക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. കെഎസ്‌ആർടിസി ബസുകളിൽ പല കാരണങ്ങളാൽ യാത്ര ചെയ്യാൻ സാധിക്കാത്തവർക്കും ഗുണകരമായിരുന്നു സ്‌ത്രീസുരക്ഷാ പെൻഷൻ എന്നതും പ്രധാനമാണ്‌. കെഎസ്‌ആർടിസി യാത്രാസ‍ൗജന്യം ലഭിക്കുന്നത്‌ ശന്പളം വാങ്ങുന്നവർ ഉൾപ്പെടെയുള്ളവർക്കാണ്‌. സാമൂഹ്യമായും സാന്പത്തികമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവർക്ക്‌ അടക്കം ലഭിക്കേണ്ട സ്‌ത്രീസുരക്ഷാ പെൻഷൻ പദ്ധതി യുഡിഎഫ്‌ ഭരണത്തിൽ അട്ടിമറിക്കുകയാണ്‌. ഇ‍ൗ പെൻഷൻ ലഭിക്കാൻ ഒരുമാസമായി തദ്ദേശസ്ഥാപനങ്ങളിൽ വന്ന അഞ്ചുലക്ഷത്തിലേറെ അപേക്ഷകളാണ്‌ കെട്ടിക്കിടക്കുന്നത്‌.


​ആശാ വർക്കർമാർക്ക്‌ നൽകിയ വാഗ്‌ദാനം പാലിക്കുന്നതിലും യുഡിഎഫ്‌ രാഷ്‌ട്രീയസത്യസന്ധത പാലിച്ചില്ല. പ്രതിമാസവേതനം 21,000 രൂപയായി ഉയർത്താൻ ആദ്യമന്ത്രിസഭായോഗം തീരുമാനിക്കുമെന്ന വി ഡി സതീശന്റെ ഉറപ്പ്‌ ജലരേഖയായി. പ്രതിമാസവേതനം 3000 രൂപ വർധിപ്പിച്ച്‌ 12,000 ആക്കാനാണ്‌ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചത്‌. സർക്കാരിന്റെ സാന്പത്തികസ്ഥിതി മെച്ചപ്പെടുന്പോൾ ബാക്കി നോക്കാമെന്നാണ്‌ മുഖ്യമന്ത്രി വിശദീകരിച്ചത്‌. വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം രൂപയായി ഉയർത്തുമെന്ന വാഗ്‌ദാനം നടപ്പാക്കിയിട്ടുമില്ല. ഇതിന്‌ വേണ്ടിവരുന്ന അധിക സാന്പത്തികബാധ്യത സംബന്ധിച്ച്‌ പരിശോധന വേണമെന്നാണ്‌ മുഖ്യമന്ത്രിയുടെ നിലപാട്‌. ഒന്നും പഠിക്കാതെയാണോ ഉറപ്പുനൽകിയതെന്ന ചോദ്യം ശേഷിക്കുകയാണ്‌. ഇത്തരത്തിൽ കപടവാഗ്‌ദാനങ്ങൾ നൽകി കബളിപ്പിക്കുന്നതാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ആദ്യമാസങ്ങളിലെ അനുഭവം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home