print edition എത്രമാത്രം ജീർണിച്ച രാഷ്‌ട്രീയസംസ്‌കാരം

വലതുപക്ഷം അധികാരത്തിൽ വന്നപ്പോഴെല്ലാം ഉന്നതങ്ങളിൽ അഴിമതിയും പോരും ഭരണസ്‌തംഭനവും നമുക്ക് പരിചിതമാണ്. എന്നിരുന്നാലും സർക്കാർ പലവർഷങ്ങൾ പിന്നിടുമ്പോഴാണ് അത്രമാത്രം ആക്ഷേപങ്ങളും അഴിമതി ആരോപണങ്ങളും സജീവമാകാറ്. എന്നാൽ, വി ഡി സതീശൻ സർക്കാർ സംസ്ഥാനചരിത്രത്തിൽ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്. കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവുമധികം ദുഷ്‌പേര് സന്പാദിക്കുകയും ജനങ്ങളെ വെറുപ്പിക്കുകയും ചെയ്‌ത സർക്കാരെന്ന പേര് സതീശൻ മന്ത്രിസഭ സ്വന്തമാക്കിയിരിക്കുകയാണ്. സമ്മതിദാനം നൽകിയവരെയടക്കം ഇത്രയധികം നാണംകെടുത്തിയ മറ്റൊരു സർക്കാരില്ലെന്ന വിധത്തിൽ അഴിമതിയുടെയും അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ട്രാക്കിലൂടെ അതിവേഗം മുന്നേറുകയാണ് യുഡിഎഫ് സർക്കാർ. സംസ്ഥാന ഭരണമുന്നണിയുടെ തരികിടകളും ദുഷ്‌ചെയ്‌തികളും തുറന്നുകാട്ടുന്നതാണ് തികച്ചും അസാധാരണമായ തട്ടിപ്പുകേസിൽ ഘടകകക്ഷി നേതാവ് അറസ്റ്റിലായ സംഭവം.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ രേഖ ചമച്ച് പണംതട്ടാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ഘടകകക്ഷിയായ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപ്പാലത്ത് പൊലീസ് വലയിലായത്. ഇഡി കേസ് ഒത്തുതീർക്കാമെന്ന വാഗ്‌ദാനവുമായി വ്യാജരേഖകൾ ചമച്ച് കത്തയച്ച് പണംതട്ടാൻ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്. ഭരണകക്ഷിയുടെ പ്രധാന നേതാവായ രാജേന്ദ്രൻ നടത്തിയ തട്ടിപ്പിൽ ആർക്കൊക്കെ പങ്കുണ്ട്, സഹായമുണ്ട് എന്നീ കാര്യങ്ങൾ അന്വേഷണത്തിൽ പുറത്തുവരേണ്ടതാണ്. എന്നാൽ, ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഇയാൾ എന്നതാണ്. സംസ്ഥാനഭരണത്തിലെ പ്രധാനികളുമായെല്ലാമുള്ള അടുപ്പം ഉപയോഗിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. രാഷ്‌ട്രീയബന്ധവും ഭരണസ്വാധീനവും ആയുധമാക്കിയാണ് യുഡിഎഫ് നേതാവിന്റെ പ്രവർത്തനമെന്ന് അന്വേഷണവിഭാഗവും സംശയിക്കുന്നുണ്ട്. വലിയ തട്ടിപ്പുകേസിൽ രാജേന്ദ്രൻ വെള്ളപ്പാലത്ത് അറസ്റ്റിലായിട്ടും അദ്ദേഹത്തെ തള്ളിപ്പറയാനോ മുന്നണിയിൽനിന്ന് പുറത്താക്കാനോ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ലെന്നത് ഇക്കാര്യത്തിലുള്ള കൂടുതൽ പങ്കാളിത്തത്തെക്കുറിച്ച് സംശയം വർധിപ്പിക്കുന്നു.
ആരോപണ വിധേയനെ രാഷ്‌ട്രീയനേതൃത്വമായി വളർത്തിയതിലും പൊതുസ്വീകാര്യത നൽകിയതിലും ചില ഭരണമുന്നണി നേതാക്കൾ വഹിച്ച പങ്ക് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. 2024 ജൂണിലാണ് രാജേന്ദ്രന്റെ കേരള പ്രവാസി അസോസിയേഷന് യുഡിഎഫ് അംഗത്വം നൽകുന്നത്. കടലാസിൽമാത്രമായിരുന്ന, പ്രവർത്തനപരിചയമില്ലാത്ത സംഘടനയെ മുന്നണി ഘടകകക്ഷിയാക്കിയത് പല സഖ്യകക്ഷികളുടെയും അറിവോടെയായിരുന്നില്ല. അന്നത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സവിശേഷ താൽപ്പര്യമാണ് ഇതിനുപിന്നിലെന്ന ചർച്ച യുഡിഎഫിനുള്ളിലുമുണ്ടായി. സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കം ഉപകാരസ്‌മരണയായാണ് ഘടകകക്ഷിസ്ഥാനം നൽകിയതെന്ന വിമർശങ്ങളും അന്നുണ്ടായി. വിദേശത്ത് തട്ടിപ്പ് നടത്തിയും കുപ്രസിദ്ധിയാർജിച്ചയാളെ ഒരു ചർച്ചയോ തത്വദീക്ഷയോ ഇല്ലാതെ ഉന്നതനേതാക്കൾ കൂടെക്കൂട്ടുകയായിരുന്നു. വൻതുക തെരഞ്ഞെടുപ്പുഫണ്ടടക്കം കൈപ്പറ്റിയുള്ള ഇൗ സ്‌പോൺസർഷിപ്, പേമെന്റ് രാഷ്‌ട്രീയത്തിന്റെ ഭാഗമായിരുന്നു എന്നും വെളിപ്പെട്ടു. സതീശന്റെ പുതുയുഗയാത്രയിലും യോഗങ്ങളിലുമെല്ലാം പ്രവാസി അസോസിയേഷൻ നേതാവിന് ലഭിച്ച പ്രത്യേകപരിഗണനകൾ ഇതിന്റെ ഭാഗമായിരുന്നു. സന്പന്ന പ്രവാസിയുടെ പോക്കറ്റ് സംഘടനയെ കോൺഗ്രസും മുസ്ലിംലീഗും സഖ്യകക്ഷിയാക്കിയതിലൂടെ യുഡിഎഫ് രാഷ്‌ട്രീയം എത്രമാത്രം ജീർണിച്ചിരിക്കുന്നു എന്നുകൂടി സാക്ഷ്യപ്പെടുത്തി.
ആറുമാസം എത്തുംമുന്പേ എല്ലാ മണ്ഡലത്തിലും പരാജയത്തിന്റെ ചിത്രമാണ് യുഡിഎഫ് സർക്കാർ കാഴ്‌ചവച്ചിരിക്കുന്നത്. വൈദ്യുതിമേഖലയിലടക്കം കച്ചവടത്തിനും കൊള്ളയ്‌ക്കുമുള്ള നീക്കങ്ങൾ വെളിപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാർക്ക് കുടപിടിക്കുന്ന നടപടികളും അനുസ്യൂതം അരങ്ങുതകർക്കുന്നു. ആരോഗ്യമേഖല ഐസിയുവിലായെന്നുള്ളത് സകലരും സമ്മതിക്കുന്നു. ഇടനിലക്കാരും ദല്ലാൾമാരും തന്പടിച്ച് അഴിമതിയുടെ ദുർഗന്ധവും സ്വജനപക്ഷപാതത്തിന്റെ വഷളത്തരങ്ങളുമാണ് ഭരണകേന്ദ്രങ്ങളിൽനിന്ന് ഉയരുന്നത്. ഭരണവുമായി ചേർന്നുള്ള അഴിമതിക്കൊപ്പം അധികാരം വൻതട്ടിപ്പുകൾക്കും വിനിയോഗിക്കുന്നതിന്റെ ചിത്രമാണ് സഖ്യകക്ഷി നേതാവ് പങ്കാളിയായ അറസ്റ്റ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം. കേരള പ്രവാസി അസോസിയേഷനെ മുന്നണിയിൽനിന്ന് പുറത്താക്കാനുള്ള ആർജവം യുഡിഎഫ് പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആസനത്തിൽ ആല് മുളച്ചാൽ... എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന ജീർണ രാഷ്‌ട്രീയസംസ്‌കാരത്തിന്റെ നായകരായ ഐക്യജനാധിപത്യമുന്നണി ആടയാഭരണങ്ങളായി ഇതെല്ലാം കൊണ്ടാടട്ടെ. സഹതാപം തോന്നുന്നത് സഹജീവികളായ മാധ്യമങ്ങളോടാണ്. സംസ്ഥാന ഭരണമുന്നണിയിലെ കക്ഷിനേതാവ് തട്ടിപ്പിൽ അറസ്റ്റിലായിട്ടും വാർത്ത ഒതുക്കാനാണ് അവരുടെ ശ്രമം. എത്ര ലജ്ജാകരമായ പാദസേവയാണിത്. വലതുപക്ഷമാധ്യമങ്ങളും വലതുപക്ഷമുന്നണിയുമെല്ലാം സയാമീസ് ഇരട്ടകളായി തുടരുന്ന നാണംകെട്ട അവസ്ഥയാണിവിടെ പ്രകടമായിരിക്കുന്നത്.









0 comments