print edition സ്പോൺസറുടെ തട്ടിപ്പ്: യുഡിഎഫ് നേതൃത്വവും കുരുങ്ങും

രാജേന്ദ്രൻ വെള്ളപ്പാലത്തിനൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും
കോഴിക്കോട്: തട്ടിപ്പ് കേസിൽ ഘടകകക്ഷി നേതാവ് വലയിലായതോടെ യുഡിഎഫ് നേതൃത്വം പരിഭ്രാന്തിയിൽ. അറസ്റ്റിലായ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപ്പാലത്തുമായി യുഡിഎഫിലെ പല ഉന്നതർക്കും ഉറ്റബന്ധമാണ്. രാജേന്ദ്രൻ സ്‌പോൺസർ ചെയ്യുന്ന നേതാക്കൾ കോൺഗ്രസിലും മുസ്ലിംലീഗിലുമുണ്ട്. ചിലരുമായി ബിസിനസ് ബന്ധവുമുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് കേരള പ്രവാസി അസോസിയേഷന്റെയും രാജേന്ദ്രന്റെയും ഗോഡ്‌ഫാദർമാർ. കോഴിക്കോട് മാവൂർകാരനായ രാജേന്ദ്രന്റെ യുഡിഎഫ് പ്രവേശനത്തിൽ ഡിസിസിക്കടക്കം എതിർപ്പുണ്ടായിരുന്നു. ജില്ലാ ലീഗ് നേതൃത്വവും അനുകൂലിച്ചില്ല. യുഡിഎഫ് കൺവീനറെയടക്കം ഇരുട്ടിൽ നിർത്തിയാണ് മുന്നണിയിൽ പ്രവേശനമൊരുക്കിയത്. നേതാക്കളെ വിലയ്ക്കെടുത്താണ് ഘടകകക്ഷി സ്ഥാനം സന്പാദിച്ചെന്നാണ് ആരോപണം. രാജേന്ദ്രന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് നല്ല ധാരണയുള്ളവരിൽ ബിജെപി നേതാക്കളുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലും മുന്പും സതീശന്റെ പ്രചാരണത്തിലും പുതുയുഗയാത്രയിലും രാജേന്ദ്രൻ സജീവമായിരുന്നു. തെരഞ്ഞെടുപ്പിൽ നൂറുകണക്കിന് ബോർഡുകളടക്കം വലിയ ഫണ്ട് പറവൂരിലേക്ക് കൈമാറി. ഉപകാര സ്മരണാർഥമായിരുന്നു സഹായങ്ങൾ. മുന്പ് വിദേശത്ത് തട്ടിപ്പിൽ അറസ്‌റ്റിലായതടക്കം കുപ്രസിദ്ധിയേറെയുണ്ട് രാജേന്ദ്രന്. പുതിയ തട്ടിപ്പിൽ അകത്തായതോടെ രാജേന്ദ്രന്റെ യുഡിഎഫ് അംഗത്വം മുന്നണിയിൽ ചർച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിക്കുനേരെയാണ് ഘടകകക്ഷികളടക്കം വിരൽചൂണ്ടുന്നത്.









0 comments