Deshabhimani

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി

House Wife Suicide

കവിത

വെബ് ഡെസ്ക്

Published on Nov 14, 2026, 01:30 AM | 1 min read

പേരാമ്പ്ര: വീട് ജപ്തി ചെയ്യാൻ ബാങ്ക്‌ മാനേജരും ജീവനക്കാരും എത്തുന്നതിന്‌ തൊട്ടുമുന്പ്‌ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കുഞ്ഞോത്ത് കോയ്യോടൻകണ്ടി കവിത(42)യാണ് മരിച്ചത്‌. വെള്ളി പകൽ പതിനൊന്നോടെയാണ് സംഭവം. സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖാ മാനേജരും ജീവനക്കാരും വീട് ജപ്തി ചെയ്യാൻ പൊലീസുകാർക്കൊപ്പം എത്തിയപ്പോഴാണ്‌ സംഭവം അറിഞ്ഞത്‌. വീട്ടിൽ ആരെയും കാണാഞ്ഞ്‌ തൊട്ടടുത്തുള്ള പഴയവീട്ടിൽ നോക്കിയപ്പോൾ കവിതയെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ബാങ്ക് അധികൃതർ ഉടൻ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ അയൽവാസികൾ കെട്ടഴിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


​വീട്‌ നിർമാണത്തിന്‌ കവിതയും ഭർത്താവ് ബാബുവും ചേർന്ന് സ്ഥലവും വീടും പണയപ്പെടുത്തി അഞ്ചുവർഷം മുമ്പ് നടുവണ്ണൂർ ശാഖയിൽനിന്ന്‌ 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ്‌ ഇടയ്‌ക്കിടെ മുടങ്ങിയെങ്കിലും ചെറിയ തുകകളായി പണം അടയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസം അഞ്ചുലക്ഷം രൂപ ഒന്നിച്ച്‌ അടച്ചിട്ടുണ്ട്‌. മൊത്തം എട്ടുലക്ഷം അടച്ചു. അമ്പത്‌ ലക്ഷം ഇനിയും അടയ്ക്കാനുണ്ടെന്നാണ്‌ ബാങ്ക്‌ അധികൃതർ പറയുന്നതെന്ന്‌ കുടുംബം പറഞ്ഞു.


​ബാങ്ക്‌ അധികൃതർ ബുധനാഴ്ച വീട്ടിലെത്തി ജപ്തി നോട്ടീസ് നൽകിയിരുന്നു. പണമടയ്ക്കാൻ ഒരാഴ്ച സമയം വേണമെന്ന്‌ വ്യാഴം രാവിലെ തങ്ങൾ ബാങ്കിലെത്തി ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ലെന്ന് ബാബു പറഞ്ഞു. വെള്ളി രാവിലെ ഭർത്താവ്‌ ജോലിക്കും മക്കൾ കോളേജിലും സ്‌കൂളിലും പോയ ശേഷമാണ്‌ കവിത ജീവനൊടുക്കിയത്‌. ഭർതൃമാതാവ് അമ്മാളു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടം കഴിഞ്ഞ്‌ ശനി ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.


ഭർത്താവ് ബാബു വടകരയിലെ വർക്ക്ഷോപ്പിൽ സ്‌പ്രേ പെയിന്ററാണ്. മക്കൾ: ആര്യശ്രീ (മൂന്നാം വർഷ ബിരുദ വിദ്യാർഥി, ചേളന്നൂർ എസ്എൻ കോളേജ്), തേജശ്രീ (പത്താം ക്ലാസ് വിദ്യാർഥി, കൂത്താളി വിഎച്ച്‌എസ്‌സി).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home