Deshabhimani

സംസ്‌കൃത സർവകലാശാല സമരം

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു

kalady university students hunger strike

കാലടി സംസ്‌കൃത സർവകലാശാലയിൽ നിരാഹാരസമരം ആരംഭിച്ച സി പി ശ്രദ്ധ, 
എം എസ്‌ ശിവകുമാർ, കെ എൽ അതുല്യ എന്നിവർക്ക് സിപിഐ എം എറണാകുളം 
ജില്ലാ സെക്രട്ടറി എസ് സതീഷ് അഭിവാദ്യമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 01:30 AM | 1 min read

കാലടി: കാലടി സംസ്‌കൃത സർവകലാശാലയിലെ ഐതിഹാസിക പ്രക്ഷോഭത്തിന്‌ ആവേശം പകർന്ന്‌ 12 ദിവസം നിരാഹാരമനുഷ്‌ഠിച്ച മൂന്ന്‌ വിദ്യാർഥികളെ പൊലീസ്‌ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക്‌ നീക്കി. കള്ളക്കേസ്‌ ചുമത്തി വിസി സിസ തോമസ്‌ സസ്പെൻഡ്‌ ചെയ്‌ത പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരെയാണ് സമരവേദിയിൽനിന്ന്‌ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. തളരാത്ത പോരാട്ടവീര്യത്തോടെ 12–ാംദിനത്തിലും നിരാഹാരം തുടരാനായിരുന്നു മൂവരുടെയും തീരുമാനം. ആരോഗ്യനില മോശമാകാൻ തുടങ്ങിയതോടെയാണ് പൊലീസ് നടപടി. പകരം, എംഎ തിയറ്റർ വിദ്യാർഥിയും ‘ലൈറ്റ്‌ മരിച്ചേ’ എന്ന നാടകത്തിന്റെ സംവിധായകനുമായ എം എസ് ശിവകുമാർ, എംഎ ചരിത്ര വിദ്യാർഥിനി സി പി ശ്രദ്ധ, സംസ്കൃത ഗവേഷക വിദ്യാർഥിനി കെ എൽ അതുല്യ എന്നിവർ നിരാഹാരമാരംഭിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്‌ജീവാണ്‌ പുതിയ സമരസഖാക്കളെ പ്രഖ്യാപിച്ചത്‌.


സമരവേദിയിൽ രാവിലെമുതൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമരവേദി സന്ദർശിച്ചശേഷം ആരോഗ്യപ്രവർത്തകരെത്തി നിരാഹാരമിരുന്ന മൂവരുടെയും ആരോഗ്യനില പരിശോധിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കാനുള്ള പൊലീസ്‌ ശ്രമം എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിരോധിച്ചെങ്കിലും നേതാക്കൾ ഇടപെട്ടതോടെ പിന്മാറി.


12 ദിവസത്തെ നിരാഹാരത്തിലൂടെ വിസിയുടെയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും വിദ്യാർഥിവേട്ട സംസ്ഥാനശ്രദ്ധയിലെത്തിച്ച സമരപോരാളികൾക്ക്‌ അഭിവാദ്യമർപ്പിച്ച്‌ സർവകലാശാലാ കവാടത്തിൽ മുദ്രാവാക്യംവിളി ഉയർന്നു. മൂന്നുപേരെയും അങ്കമാലി താലൂക്കാശുപത്രിയിലെത്തിച്ചശേഷം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക്‌ മാറ്റി. പകരം നിരാഹാരമാരംഭിച്ച മൂന്നുപേരും വിസിയുടെ പ്രതികാര സസ്പെൻഷന് ഇരയായവരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home