കാരുണ്യത്തുട്ടുകള്‍ അവരുടെ വേദനയകറ്റട്ടേ

ആർ ബിനു ചാരുംമൂട്
Published on Nov 14, 2026, 01:31 AM | 1 min read
ചാരുംമൂട്
സ്വന്തം സ്വപ്‌നത്തേക്കാൾ വലുതാണ് സഹജീവികളുടെ വേദനയെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച് മാതൃകയായി രണ്ടാം ക്ലാസുകാരന്‍. സൈക്കിൾ വാങ്ങാന്‍ കൂട്ടിവച്ച സമ്പാദ്യക്കുടുക്ക രോഗ ചികിത്സയ്‌ക്കായി നല്‍കി നൂറനാട് ആദിക്കാട്ടുകുളങ്ങര എച്ച്ഐഎസ്ജെ എൽപി സ്‌കൂളിലെ മുഹമ്മദ് മിലാദ്. ഗുരുതര ജനിതക രോഗബാധിതരായ കോഴിക്കോട്ടെ ഒരു കുടുംബത്തിലെ മൂന്ന് കുരുന്നുകള്‍ക്കാണ് സഹായം. ദുരിതജീവിതത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അവരെ സഹായിക്കാന്‍ മിലാദ് തീരുമാനിച്ച് രക്ഷിതാക്കളെ അറിയിച്ചു. ആരുടെയും നിർബന്ധമോ പ്രേരണയോ ഇല്ലാതെ സ്വന്തം മനസിൽ തോന്നിയ കാരുണ്യ തുണ്ടുകളുമായി വിദ്യാലയത്തിലെത്തി പ്രധാനാധ്യാപിക പി ബി ശ്രീദേവിയുടെയും പിടിഎ പ്രസിഡന്റ് മുഹമ്മദലിയുടെയും കൈകളിലേല്‍പ്പിച്ചു. സ്വന്തം ആഗ്രഹത്തിനായി കരുതിവച്ച സമ്പാദ്യം മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള കരുതല്‍ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാനമായി. പ്രായമല്ല, മനസിന്റെ വലുപ്പമാണ് യഥാർഥ മഹത്വമെന്ന് തെളിയിക്കുന്നതാണ് മിലാദിന്റെ നന്മ. പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും സ്‌കൂളില്‍ ഒന്നാംസ്ഥാനത്താണ് മുഹമ്മദ് മിലാദിന്. ആദിക്കട്ടുകുളങ്ങര ഒറ്റപ്ലാവിള തെക്കേതിൽ ഷിജുഭവനത്തില്‍ ഷിജു, റംസി എനിവരുടെ മകനാണ് മുഹമ്മദ് മിലാദ്.









0 comments