Deshabhimani

print edition ഇ എം രാധയ്‌ക്ക്‌ ആദരാഞ്‌ജലി

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 23, 2026, 01:00 AM | 2 min read

‘തന്പുരാനെന്ന്‌ വിളിക്കരുത്‌ ’ഏലംകുളം മനയിലെ നാലാം തന്പുരാൻ അങ്ങനെ പറഞ്ഞപ്പോൾ അവർ അന്പരന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര്‌ വിളിക്കാൻ അവർ ധൈര്യപ്പെട്ടില്ല. അവരുടെ മനസ്സിലെ തന്പുരാൻ ഇ എം എസ്‌ എന്ന സഖാവായി മാറുന്നത്‌ ക്രമേണ അവരറിയുകയായിരുന്നു. അന്ന്‌ ഇ എം എസ്‌ എന്ന വിപ്ലവ നക്ഷത്രം കാണിച്ചത്‌ പുതിയൊരു വഴിയായിരുന്നു. ആ വഴിയിലൂടെ പാത മാറാതെ സഞ്ചരിച്ചു എന്നതാണ്‌ ഇ എം രാധയുടെ ജീവിതത്തെ വേറിട്ടതാക്കുന്നത്‌.


നിസ്വരുടെ വാക്കുകൾക്ക്‌ ചെവിയോർക്കാൻ, സ്‌ത്രീകളുടെ കണ്ണീർ തുടയ്‌ക്കാൻ, നീതികേടിനെതിരെ ശബ്ദമുയർത്താൻ രാധയ്‌ക്ക്‌ എന്നും തുണയായത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും അച്ഛനും കാണിച്ചുകൊടുത്ത നേരിന്റെ പാതയായിരുന്നു. വാക്കും പ്രവൃത്തിയും ഒന്നാകുക എന്ന മഹത്തായ പാഠം ജീവിതത്തിലുടനീളം പിന്തുടരാൻ രാധയ്‌ക്ക്‌ കഴിഞ്ഞിരുന്നു. ഉന്നത രാഷ്‌ട്രീയബോധത്തിനൊപ്പം ജീവിതത്തെ ലാളിത്യത്തോടെ കാണാനും അവർക്ക്‌ കഴിഞ്ഞു. വിപണിവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ആർഭാടമായതിനോടൊക്കെ പുറംതിരിഞ്ഞുനിൽക്കാൻ രാധ പഠിച്ചിരുന്നു. തനിക്കുള്ളതെല്ലാം പാർടിക്ക്‌ കൊടുത്ത്‌ പാർടി നൽകിയ വേതനംകൊണ്ട്‌ ജീവിച്ച ഇ എം എസിന്റെ ജീവിത പാരന്പര്യത്തിന്റെ തുടർച്ച തന്നെയായിരുന്നു രാധ. വലതുപക്ഷ മാധ്യമങ്ങൾ ഒരുക്കിയ ചതിക്കുഴികളിൽ വീണില്ല. വനിതാ–വയോജന കമീഷനുകളിൽ അംഗമായപ്പോൾ ആ സ്ഥാനം അലങ്കാരമായോ അധികാരത്തിന്റെ ചിഹ്നമായോ കാണാതെ സാമൂഹ്യപ്രതിബദ്ധതയും സഹാനുഭൂതിയും കൈമുതലാക്കി പ്രവർത്തിക്കുകയായിരുന്നു അവർ.


പാർടി പ്രവർത്തനത്തിനൊപ്പം സാംസ്‌കാരിക രംഗത്തും രാധ സ്വയം അടയാളപ്പെടുത്തി. എഴുത്തിൽ ഇ എം എസ്‌ ബാക്കിവച്ചുപോയ മഷിപ്പാത്രം പിന്നീട്‌ രാധയിലേക്കും പകർന്നു. ‘ഇ എം എസ്‌: മകളുടെ ഓർമകൾ’ എന്ന പുസ്‌തകത്തിൽ ഇ എം എസിലെ രാഷ്‌ട്രീയക്കാരനപ്പുറം കുടുംബനാഥനെയും രാധ വരച്ചുവച്ചിട്ടുണ്ട്‌. ആത്മകഥയിൽ സ്വന്തം കാര്യങ്ങൾ കുറച്ചുമാത്രം എഴുതിയ ഇ എം എസിന്റെ ജീവിതം ആഴത്തിലറിയാൻ ഇ‍ൗ പുസ്‌തകം വഴിയൊരുക്കി.


നിരവധി ആനുകാലികങ്ങളിലും രാധ എഴുതിയിട്ടുണ്ട്‌. നല്ല സിനിമകൾ തേടിപ്പിടിച്ച്‌ കാണുക, നല്ല പുസ്‌തകങ്ങൾ കണ്ടെത്തി വായിക്കുക, വളരെ ലാളിത്യത്തോടെയുള്ള ജീവിതം ഇതൊക്കെ ചേർന്നതായിരുന്നു ഇ എം രാധയുടെ ജീവിതം. വിപുലമായ സുഹൃദ്‌വലയത്തിന്‌ ഉടമയായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം ആകർഷിക്കുക, അവരുടെ പേര്‌ ഓർത്തിരിക്കുക എന്ന സ്വഭാവവൈശിഷ്‌ട്യവും പുലർത്തി. പതിറ്റാണ്ടുകൾ ദേശാഭിമാനിയിലും അതിനുമുന്പ്‌ ചിന്തയിലും പ്രവർത്തിച്ച അവർ സ്ഥാപനത്തിന്റെയും പ്രസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കാട്ടിയ സന്നദ്ധത എടുത്തുപറയേണ്ടതാണ്‌. ഇ എം എസിന്റെ നാല്‌ മക്കളിൽ ശേഷിച്ചയാളും വിടപറയുന്പോൾ വഴിത്താരകളിൽ അവർ കൊളുത്തിവച്ച വിളക്ക്‌ അണയുകയില്ല. ഇ എം രാധയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home