ജീവനെടുക്കുന്ന സ്ഥലംമാറ്റവും ഭീഷണിയും

കാര്യക്ഷമവും ഫലപ്രദവും അഴിമതിരഹിതവുമായ സിവിൽ സർവീസ് ഉറപ്പാക്കാൻ ഏറ്റവും പ്രാഥമികമായി ശ്രമിക്കേണ്ടത് സർക്കാരുകളാണ്. ഇതിന് വിപരീതലക്ഷ്യങ്ങളോടെ സിവിൽ സർവീസിനെ കൈകാര്യം ചെയ്യുന്നത് ആർക്കും ഗുണകരമാകില്ല. ദൗർഭാഗ്യവശാൽ, സംസ്ഥാനത്ത് ഇൗയിടെ അധികാരമേറ്റ യുഡിഎഫ് സർക്കാരും അവരുടെ അനുകൂലികളെന്ന് അവകാശപ്പെടുന്ന സംഘടനകളും തുടക്കംമുതൽ ജീവനക്കാരോട് പൊതുവെ വൈരനിര്യാതനബുദ്ധിയോടെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻതന്നെ ജീവനക്കാരെ വെല്ലുവിളിച്ച് സംസാരിക്കുന്നതായി നാം കണ്ടു. സ്ഥലംമാറ്റങ്ങളെ രാഷ്‌ട്രീയ ആയുധമായും അഴിമതിക്കും ക്രമക്കേടുകൾക്കുമുള്ള അവസരമായും യുഡിഎഫ് സർക്കാർ ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം വ്യാപകമാണ്.
ഇതിനിടെയാണ് ചികിത്സയിലിരിക്കെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർ, ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ച, ആരെയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കണ്ണൂർ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ദീപലേഖയാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനെത്തിയപ്പോൾ അന്യായ സ്ഥലംമാറ്റത്തിന്റെ ബുദ്ധിമുട്ട് സമിതി അധ്യക്ഷനോട് സംസാരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. വാഹനാപകടത്തിൽ കാലിന്റെ എല്ലുതകർന്ന് മൂന്നുമാസത്തെ ചികിത്സയിലായിരുന്ന ഇവർ, മൂന്നാഴ്‌ചമുന്പാണ് ജോലിയിൽ തിരികെയെത്തിയത്. ഫെബ്രുവരിയിൽ ചൊക്ലിയിൽ സ്ഥലംമാറ്റത്തെ തുടർന്ന് എത്തിയ ഇവരെ മാനദണ്ഡം ലംഘിച്ച് വീണ്ടും സ്ഥലംമാറ്റുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിർബന്ധിത സെക്‌ഷൻമാറ്റത്തിന്റെ മാനസികസംഘർഷംമൂലമാണ് കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയതെന്നും ആക്ഷേപം നിലനിൽക്കുന്നു.
വി ഡി സതീശൻ സർക്കാരിന്റെ രാഷ്‌ട്രീയപ്രേരിതവും മാനദണ്ഡം ലംഘിച്ചുള്ളതുമായ സ്ഥലംമാറ്റങ്ങൾ ജീവനക്കാരെ എത്രത്തോളം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നതിന് ഇതിൽപ്പരം തെളിവ് വേണോ? രോഗികളും ഭിന്നശേഷിക്കാരും വിരമിക്കുന്നതിന് ദിവസങ്ങൾമാത്രം ശേഷിക്കുന്നവരും ഉൾപ്പെടെയുള്ള ജീവനക്കാരെ ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിലൂടെ എങ്ങനെയൊക്കെ പീഡിപ്പിക്കാമോ എന്ന പരീക്ഷണത്തിലാണ് യുഡിഎഫ് സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനിലൂടെ നടപ്പാക്കിയിരുന്ന സ്ഥലംമാറ്റം, യുഡിഎഫ് സർക്കാർ അട്ടിമറിച്ചതുതന്നെ വലിയ അഴിമതിക്ക് അവസരമൊരുക്കുന്നതിനാണ്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന്, യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പായ മണിക്കൂറുകളിൽത്തന്നെ എൻജിഒ അസോസിയേഷൻ നേതാക്കളുടെ നിർദേശപ്രകാരം ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾ നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നതാണ്. അധികാരമേറ്റതോടെ ഇതിന് വേഗം കൂടിയെന്നുമാത്രമല്ല, സ്ഥലംമാറ്റത്തിനും സ്ഥലംമാറ്റം ഒഴിവാക്കാനും വലിയ കോഴ ചോദിക്കുന്നു എന്നത് അധികാരത്തിന്റെ ഇടനാഴികളിൽ വാർത്തയല്ലാതായി.
ഭരണത്തണലിൽ അഴിഞ്ഞാടുന്ന സർക്കാർവിലാസം സംഘടനകളുടെ ഭീഷണിയും രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ ജീവനക്കാരോട് ശത്രുതാമനോഭാവം പുലർത്തി കൂട്ട സ്ഥലംമാറ്റം നടത്തുന്നതും സിവിൽ സർവീസിനെ സ്‌തംഭിപ്പിച്ചിരിക്കുകയാണ്. പിഎസ്‌സിവഴി നിയമനം ലഭിച്ച ജീവനക്കാരെപ്പോലും പിരിച്ചുവിടുന്നു. താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും സിവിൽ സർവീസിനെ ബാധിച്ചു. ഡിജിറ്റൽ സർവേയ്ക്കായി ദീർഘകാലമായി പ്രയത്നിക്കുന്ന 2800 ജീവനക്കാരെ ശന്പളക്കുടിശ്ശികപോലും നൽകാതെ പിരിച്ചുവിട്ടത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളും പകർച്ചവ്യാധി തടയുന്നതിനുള്ള പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട സന്ദർഭത്തിലാണ് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി ദ്രോഹിക്കുന്ന സർക്കാരിന്റെ ക്രൂരവിനോദം. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെയാകെ അവതാളത്തിലാക്കുകയും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുകയും ചെയ്‌തു.
അവകാശപോരാട്ടങ്ങളെ അധിക്ഷേപിക്കുകയും ജീവനക്കാരെ പൊതുവേദിയിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ നിലപാട് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. തങ്ങളെ ശത്രുക്കളായി കാണുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ജീവനക്കാരാകെ കടുത്ത അതൃപ്‌തിയിലും പ്രക്ഷോഭത്തിന്റെ പാതയിലുമാണ്. ജീവനക്കാരുടെ ന്യായമായ പരാതികൾ കേൾക്കാൻ സർക്കാർ തയ്യാറാകണം. ചട്ടവിരുദ്ധവും മാനദണ്ഡങ്ങൾ ലംഘിച്ചുമുള്ള സ്ഥലംമാറ്റങ്ങൾ സർക്കാർ പിൻവലിക്കണം. ഭരണാനുകൂല സംഘടനകളുടെ ചട്ടവിരുദ്ധ തീരുമാനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിക്കണം.










0 comments