വയോധികയ്‌ക്ക് മർദനം: മഹിളാ കോൺഗ്രസ് നേതാവിനും അനുയായികൾക്കുമെതിരെ കേസെടുത്തു

വെള്ളറട: മഹിളാ കോൺഗ്രസ് നേതാവും അനുയായികളും ചേർന്ന് വയോധികയെ മർദിച്ച സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ എൽ അനിത, മന്ത്രി രമേശ് ചെന്നിത്തലയുടെയും എം ആർ ബൈജു എംഎൽഎയുടെയും പിആർ ഏജന്റായ ശാലു പേയാട്, ശാരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വാഗ്‌ദാനം ചെയ്‌ത വീടിനെക്കുറിച്ച് അന്വേഷിച്ചെത്തിയ മലയിൻകീഴ് സ്വദേശിയായ ശാന്ത (60)യെയാണ് മൂവരും ചേർന്ന് തല്ലിച്ചതച്ചത്. റോഡിലേക്ക് വലിച്ചിഴച്ച് ചവിട്ടുകയും കൈപിടിച്ച് തിരിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഗുരുതര പരിക്കേറ്റ ശാന്തയെ മണിയറ താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽകോളേജിലേക്ക് റഫർ ചെയ്‌തിട്ടും കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ കാരണം പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല.
ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വീഡിയോ ദൃശ്യം പുറത്തായതിനാലാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. ശാന്തയെയും മകളുടെ കുഞ്ഞുങ്ങളെയുംവച്ച് വീഡിയോ നിർമിച്ച് ആംപെലോസ് മിനിസ്‌ട്രീസ് ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിന്റെ പേരിൽ ശാലു പേയാട് പണപ്പിരിവ് നടത്തി. ചാരിറ്റിയുടെ മറവിലെ ശാലുവിന്റെ സമ്പത്തികത്തട്ടിപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യം. ശാന്തയിൽനിന്ന് പണം തട്ടിയെടുത്ത പരാതിയിൽ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടില്ല.
അനിതയെയും ശാലുവിനെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസ് നിലപാടിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി.









0 comments