ഇ20 പെട്രോളിൽ മായം; കേന്ദ്രത്തിന് നൽകിയ പരാതി പിൻവലിച്ച് വാഹന നിർമാതാക്കൾ

ന്യൂഡൽഹി : പെട്രോളിൽ എഥനോൾ കലർത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് നൽകിയ പരാതി പിൻവലിച്ച് വാഹന നിർമാതാക്കളുടെ കൂട്ടായ്മ. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെ കൂട്ടായ്മയാണ് പരാതി നൽകിയിരുന്നത്. ഇ20 പെട്രോളിൽ മായം കലരുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.
ഇ20 പെട്രോൾ പൂർണമായും മായം കലരാത്തതാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ പരസ്യമായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പരാതി പിൻവലിച്ചത്. വാഹന നിർമാതാക്കൾ തമ്മിൽ നടത്തിയ ഇമെയിൽ ആശയവിനിമയങ്ങൾ പുറത്തുവന്നതോടൊണ് മോദി സർക്കാരിന്റെ ഇന്ധന നയത്തിലെ വൻ വീഴ്ച മറനീക്കി പുറത്തുവന്നത്.
ഇ20യിലെ ക്ലോറൈഡ്, ഈർപ്പം തുടങ്ങിയവ വാഹനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്കാകുലരാണെന്നും വാഹന നിർമാതാക്കളുടെ ഇമെയിലുകൾ ചൂണ്ടിക്കാണിക്കുന്നു. വാഹനത്തിന്റെ പ്രകടനത്തെ ഇ20 എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഉപഭോക്തൃ ആശങ്കകൾ വർധിച്ചതോടെയാണ് സിയാം പരാതി നൽകാൻ തയ്യാറായത്. കണക്കുകളിൽ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്ന ന്യായമാണ് പരാതി പിൻവലിച്ചതുമായി ബന്ധപ്പെട്ട് വാഹന നിർമാതാക്കൾ നൽകിയത്.
രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 250 പമ്പുകളിൽ നിന്ന് ശേഷഖരിച്ച സാമ്പിളുകൾ പരിശോധിച്ചതാണ് ഇ20 പെട്രോളിൽ ഉയർന്ന അളവിൽ ക്ലോറൈഡും ഈർപ്പവും അടങ്ങിയിട്ടുണ്ടെന്ന് വാഹന നിർമാതാക്കൾ കണ്ടെത്തിയത്. മലിനീകരണം കുറക്കാനും എണ്ണ ഇറക്കുമതി വെട്ടിച്ചുരുക്കാനുമെന്ന പേരിലാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്കുമേൽ ഇ20 പെട്രോൾ അടിച്ചേൽപ്പിച്ചത്. ഏപ്രിൽ ഒന്നു മുതൽ പമ്പുകളിൽ സാധാരണ പെട്രോൾ ലഭ്യവുമല്ല.
പെട്രോളിൽ അനുവദിച്ച ക്ലോറൈഡിന്റെ അളവ് 3 പിപിഎം മാത്രമായിരിക്കെ രാജസ്ഥാനിൽ ഇത് 6 മുതൽ 570 പിപിഎം വരെയാണ്. ഡൽഹിയിൽ 420 പിപിഎം, മഹാരാഷ്ട്രയിൽ 357 പിപിഎം വരെയുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രയിലും ഉത്തർപ്രദേശിലും അനുവദനീയമായ പെട്രോളിലെ ഈർപ്പത്തിന്റെ അളവ് അനുവദനീയമായ 3,000 പിപിഎം എന്നത് 12,500 മുതൽ 13,000 അളവ് വരെയാണ്.
ഇ20 പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ മൈലേജ് കാര്യമായി കുറയുന്നതായി രാജ്യത്താകെയുള്ള വാഹന നിർമാതാക്കൾ പരാതി ഉന്നയിച്ചിരുന്നു. പെട്രോളിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നത് ഇന്ധനം നിറച്ചയുടനെ വാഹനം നിന്നുപോകാൻ കാരണമാകുന്നു. ക്ലോറൈഡിന്റെ സാന്നിധ്യം വാഹനഭാഗങ്ങൾ ദ്രവിച്ചുപോകാനും, 200 കിലോമീറ്ററിനുള്ളിൽ തന്നെ എഞ്ചിൻ പൂർണമായി നശിക്കാനും കാരണമാകുമെന്നും മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇമെയിലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1 പിപിഎം ക്ലോറൈഡ് മാത്രമാണ് നിലവിലെ ഫ്യുവൽ ഇൻജക്ടറുകൾക്ക് താങ്ങാനാവുകയെന്ന് മാരുതിയുടെ സീനിയർ എക്സിക്യൂട്ടീവും മുന്നറിയിപ്പ് നൽകുന്നു. ഈ കണ്ടെത്തലുകളെല്ലാം സിയാം ജൂലൈ 28ന് നൽകിയ പരാതിയിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനികൾ കണ്ടെത്തിയ വിവരങ്ങൾക്ക് ആധികാരികതയില്ലെന്നാണ് സിയാം നൽകുന്ന വിശദീകരണം.









0 comments