print edition ഇൗ പോരാട്ടം വോട്ടവകാശം സംരക്ഷിക്കാൻ

മോദിസർക്കാരിനെ മുട്ടുകുത്തിക്കുകയും ധർമേന്ദ്ര പ്രധാനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്‌ത ഐതിഹാസിക പ്രക്ഷോഭത്തിനുശേഷം രാജ്യതലസ്ഥാനം വീണ്ടും വലിയ പോരാട്ടങ്ങളുടെ വേദിയായി മാറുകയാണ്. ആധുനിക ജനാധിപത്യസംവിധാനത്തിന്റെ ജീവനാഡിയായ സ്വതന്ത്രവും നീതിപൂർവവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പെന്ന ഉദാത്ത സങ്കൽപ്പത്തെ അട്ടിമറിക്കുന്നതിന് ചുക്കാൻ പിടിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യമുയർത്തിയാണ് ഡൽഹി വീണ്ടും സമരഭൂമിയാകുന്നത്.
ധർമേന്ദ്ര പ്രധാനും ഗ്യാനേഷ് കുമാറും മോദിസർക്കാരെന്ന കറക്കുകമ്പനിയുടെ പ്രതിനിധികളാണ്. ജനാധിപത്യത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഗ്യാനേഷ് കുമാർ ധർമേന്ദ്ര പ്രധാനേക്കാൾ വലിയ കുറ്റവാളിയാണ്. മോദിസർക്കാരിന് അധികാരത്തിൽ തുടരാൻ അവർ ആവശ്യപ്പെടുന്ന രീതിയിൽ രാജ്യത്തെ തെരഞ്ഞെടുപ്പുസംവിധാനത്തെ ഉടച്ചുവാർക്കുകയെന്ന ക്രിമിനൽ കുറ്റമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ കസേരയിലിരുന്ന് ഗ്യാനേഷ് കുമാർ നിർവഹിക്കുന്നത്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനിൽ തന്റെ ഇരുവശങ്ങളിലും ആസനസ്ഥരായ തെരഞ്ഞെടുപ്പ് കമീഷണർമാരെ നോക്കുകുത്തികളാക്കിയാണ് ഗ്യാനേഷ് കുമാർ തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവുമായ സ്വന്തം തീരുമാനങ്ങൾ ഇന്ത്യൻ റിപ്പബ്ലിക്കിനുമേൽ അടിച്ചേൽപ്പിക്കുന്നതെന്ന വസ്‌തുത ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. 13 കോടി 37 ലക്ഷം വോട്ടർമാരെ കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കിയ എസ്‌ഐആർ നടപടികളിൽ ഉൾപ്പെടെ പ്രവർത്തിച്ചത് ഗ്യാനേഷ് കുമാറിന്റെ സ്വേച്ഛാധിപത്യ തീട്ടൂരങ്ങളാണെന്ന യാഥാർഥ്യംകൂടി പുറത്തുവന്നതോടെ ജനാധിപത്യവിശ്വാസികൾക്ക് വിട്ടുവീഴ്‌ചയില്ലാത്ത പ്രതിഷേധമെന്ന ഒറ്റമാർഗമാണ് ശേഷിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദനിനുമുന്നിലും ചരിത്രത്തിൽ ഇടംപിടിച്ച സമരഭൂമിയായ ജന്തർമന്തറിലും പ്രക്ഷോഭക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത് ഇൗ പശ്ചാത്തലത്തിലാണ്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ ചാലകശക്തിയായ സിപിഐ എം ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങളുടെയും മുന്നണിയിലാണ്. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, എംപിമാരായ എ എ റഹിം, വി ശിവദാസൻ തുടങ്ങിയവരെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചു. എം എ ബേബി ഉൾപ്പെടെയുള്ളവർ രാജ്യതലസ്ഥാനത്ത് വീണ്ടും അറസ്റ്റ് വരിച്ചുകഴിഞ്ഞു. ഡിവൈഎഫ്‌ഐ–എസ്‌എഫ്‌ഐ നേതാക്കളെയും കൂട്ടത്തോടെ അറസ്‌റ്റു ചെയ്‌തു.
ഗ്യാനേഷ് കുമാറിനെതിരായ ഭാവിപോരാട്ടങ്ങൾക്ക് വിശാലമായ പ്രതിരോധമുന്നണിയെന്ന ആശയം ഇന്ത്യാകൂട്ടായ്‌മയ്ക്കുമുന്നിൽ അവതരിപ്പിച്ചതും സിപിഐ എം ജനറൽ സെക്രട്ടറിയാണ്. അസാധാരണസാഹചര്യങ്ങളിൽ ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ, ബിആർഎസ്, എഎപി, ബിജെഡി, ടിവികെ, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾക്ക് എം എ ബേബി കത്ത് നൽകി. മമത ബാനർജിയുമായി ഫോണിലും അരവിന്ദ് കെജ്‌രിവാളുമായി നേരിട്ടും ചർച്ച നടത്തി. ബുധനാഴ്‌ച ചേർന്ന ഇന്ത്യാകൂട്ടായ്‌മ യോഗത്തിലും വിശാലമായ പ്രതിരോധമുന്നണിയുടെ ആവശ്യം എം എ ബേബി ഉയർത്തി. മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ ഇൗ നിലപാട് പൂർണമായും അംഗീകരിച്ചു. ജനാധിപത്യത്തിന്റെ കശാപ്പുകാരനായ ഗ്യാനേഷ് കുമാറിനെ നീക്കാൻ ഏതറ്റംവരെയുള്ള പോരാട്ടങ്ങളും നടത്തണമെന്ന സിപിഐ എമ്മിന്റെ രാഷ്ട്രീയസന്ദേശം മറ്റു പ്രതിപക്ഷ കക്ഷികൾക്കും ഉൗർജവും ആവേശവും പകർന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വരുംനാളുകളിൽ വലിയ പ്രതിഷേധപരിപാടികൾക്ക് ഇന്ത്യാകൂട്ടായ്‌മ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
എല്ലാ രീതിയിലും പ്രതിരോധത്തിലായതോടെ ചില്ലറ മുഖംമിനുക്കൽ നടപടികളുമായി തടിയൂരാൻ ഗ്യാനേഷ് കുമാർ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയവരെ വീണ്ടും ഉൾപ്പെടുത്താൻ പ്രത്യേക നടപടികൾ തുടങ്ങി. പുതിയ വോട്ടർമാർക്കുള്ള ഫോം 6ൽ നിയമവിരുദ്ധമായി കൂട്ടിച്ചേർത്ത അധികപ്രസ്‌താവന ഒഴിവാക്കി. വോട്ടർമാരെ ബുദ്ധിമുട്ടിക്കാതെ നടപടികൾ പൂർത്തിയാക്കാനുള്ള ചില ഇളവുകളും പ്രഖ്യാപിച്ചു. എന്നാൽ, ഇത്തരം കണ്ണിൽ പൊടിയിടലുകളിലൂടെ ഗ്യാനേഷ് കുമാറിനോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമീഷനോ വിശ്വാസ്യത തിരിച്ചുപിടിക്കാനാകില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കളിപ്പാവയാക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന മോദിസർക്കാർ ഇൗ വിഷയത്തിൽ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തവർഷം ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ ആ തെരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ അതീവഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെയും മിണ്ടിയിട്ടില്ല. ഗ്യാനേഷ് കുമാറിനെ പ്രതിരോധിക്കാൻ ബിജെപി കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും ഘടകകക്ഷികളുടെ പിന്തുണപോലും ലഭിച്ചിട്ടില്ല.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ഗ്യാനേഷ് കുമാർ തൃപ്‌തികരമായ വിശദീകരണം നൽകിയാൽമാത്രമേ പൊതുജനവിശ്വാസ്യത നിലനിർത്താനാകൂവെന്നാണ് ടിഡിപി, എൽജെപി (രാംവിലാസ്), ആർഎൽഎം തുടങ്ങി ബിജെപി കൂടാരത്തിലെ പാർടികളുടെ നിലപാട്. എൻഡിഎയെ നിലനിർത്തുന്ന ഘടകകക്ഷികൾക്കുപോലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ വിശ്വാസമില്ലെന്ന യാഥാർഥ്യം മോദിസർക്കാരിനുകീഴിൽ ഭരണഘടനാ സ്ഥാപനങ്ങൾക്കുണ്ടായ അധഃപതനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമാണ് ജനാധിപത്യമെന്ന സങ്കൽപ്പം നിലനിൽക്കണമെങ്കിൽ, ഗ്യാനേഷ് കുമാറിനെപ്പോലെ വോട്ടുകൾ സർക്കാരിനുവേണ്ടി വെട്ടിമാറ്റുന്നവർ തെരഞ്ഞെടുപ്പ് കമീഷന്റെ ഏഴയലത്തുപോലും എത്തില്ലെന്ന് ജനാധിപത്യവിശ്വാസികൾ ഉറപ്പാക്കണം. ഇതിനാവശ്യമായ പോരാട്ടങ്ങളാണ് വർത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്നത്.









0 comments